Leading News Portal in Kerala

രാഷ്ട്രപതിയുടെ കേരള സന്ദർശനം: ശബരിമല, ശിവഗിരി ഉൾപ്പെടെ നാല് ദിവസത്തെ പരിപാടികൾ | President draupadi murmu to arrive kerala on four day visit will visit sabarimala and sivagiri | Kerala


Last Updated:

നേരത്തെ തന്നെ ശബരിമല സന്ദർശിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു

News18News18
News18

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നാല് ദിവസത്തെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നെ ആരംഭിക്കും. അതായത് ഈ മാസം 21-ന് രാഷ്ട്രപതി കേരളത്തിലെത്തും. ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങളിൽ അവർ പങ്കെടുക്കും. നേരത്തെ തന്നെ ശബരിമല സന്ദർശിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു. നാല് ദിവസമാണ് പ്രസിഡൻ്റ് കേരളത്തിലുണ്ടാവുക

21 – ചൊവ്വ:

ഉച്ചയ്ക്ക് 2.30-ന് ഡൽഹിയിൽ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. സ്വീകരണത്തിന് ശേഷം റോഡ് മാർഗം രാജ്ഭവനിലെത്തി അത്താഴവും വിശ്രമവും.

22 – ബുധൻ: (ശബരിമല സന്ദർശനം)

രാവിലെ 9.25-ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് തിരിക്കും. 11.00- മണിയ്ക്ക് റോഡ് മാർഗം പമ്പയിലെത്തും. 11.50-ന് ശബരിമലയിലും എത്തും. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ പ്രത്യേക ഗുർഖ ജീപ്പിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പോകുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കും. ജീപ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും രാഷ്ട്രപതിക്ക് അകമ്പടി സേവിക്കുക.

ക്ഷേത്രദർശനത്തിന് ശേഷം ശബരിമല ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം. ശേഷം ഇതേ ജീപ്പിൽ 3 മണിക്ക് പമ്പയിലേക്ക് തിരിക്കും. റോഡ് മാർഗം നിലയ്ക്കലിലെത്തിയ ശേഷം വൈകുന്നേരം 4.20-ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രി രാജ്ഭവനിൽ താമസം.

23 – വ്യാഴം: (കെ.ആർ. നാരായണൻ പ്രതിമ അനാച്ഛാദനം, ശിവഗിരി, പാലാ)

രാവിലെ 10.30-ന് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12.50-ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം 3.50-ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ എത്തും. 4.15 മുതൽ 5.05 വരെ പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയിൽ മുഖ്യാതിഥി. വൈകുന്നേരം 5.10-ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20-ന് കുമരകം താജ് റിസോർട്ടിലെത്തി താമസം.

24 – വെള്ളി: (കൊച്ചി, മടക്കം)

രാവിലെ 11.00-ന് കോട്ടയത്തു നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. ഉച്ചയ്ക്ക് 12.10 മുതൽ 1.00 വരെ എറണാകുളം സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയാകും. 1.10-ന് ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഉച്ചഭക്ഷണം.

വൈകുന്നേരം 4.15-ന് നാവിക സേനാ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലേക്ക്. 4:15ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക്.

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്ചപുരത്ത് ഇന്നലെ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, സബ് കളക്ടർ ആൽഫ്രഡ് ഒ വി, എഡിഎം ടി കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സുരക്ഷാ ക്രമീകരണങ്ങളും യാത്രാസൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.