‘ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോയെന്ന് അറിയില്ല, സ്ത്രീകളെ മലകയറ്റിച്ചത് സർക്കാർ’: കെ സുരേന്ദ്രൻ| Unsure About Beef-Porotta But Government Forced Sabarimala women Entry K Surendran Defends nk Premachandran | Kerala
Last Updated:
ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് പറഞ്ഞ പ്രേമചന്ദ്രനെ ആക്രമിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ എംപിയെ ആക്രമിക്കേണ്ട കാര്യമില്ലെന്നും അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റുകയായിരുന്നുവെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് തനിക്ക് അറിയില്ല. പക്ഷേ, അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റി. 2018 ൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ സിപിഎം തീരുമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനെയും കണ്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കോൺഗ്രസിന്റെ ജാഥാ ക്യാപ്റ്റൻ മുങ്ങുമോ? മൈക്ക് ഓഫ് ആക്കുന്ന സമയത്താണ് കെ മുരളീധരൻ വന്നതെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. ശബരിമലയിലെ എസ്ഐടി അന്വേഷണം കോഴിയെ കുറുക്കനെ ഏൽപിച്ച പോലെയാണ്. തിരക്കഥ അനുസരിച്ച് ആണ് അന്വേഷണം. എസ്ഐടി അന്വേഷണത്തിന് മുൻപ് പിണറായി കടകംപള്ളിയെ വിളിപ്പിച്ചു. എന്താണ് നടന്നത് എന്ന് പിണറായിക്ക് അറിയാം.
തട്ടിപ്പിന്റെ പങ്ക് രാഷ്ട്രീയ നേതകൾക്കിലേക്ക് പോയിട്ടുണ്ട്. പക്ഷെ അവരിലേക്ക് ഒന്നും അന്വേഷണം പോകില്ല. എല്ലാ തട്ടിപ്പും മന്ത്രി വാസവനും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനും അറിയാം. കടകംപള്ളിക്ക് പോറ്റിയുമായി പല ഇടപാടുകളും ഉണ്ട്. പിണറായിക്കും പോറ്റിയെ അറിയാം. ശബരിമല ഉൾപ്പടെ ക്ഷേത്രങ്ങളിൽ നിന്ന് കൊള്ള നടത്താൻ സിപിഎം രാഷ്ട്രീയ തീരുമാനം എടുത്തിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വരുമെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. ഇവിടെ കൊള്ളയുടെ യഥാർത്ഥ കാര്യങ്ങൾ പുറത്തു വന്നില്ലെങ്കിൽ ഇവിടെ മറ്റ് ഏജൻസി ഉണ്ടെന്ന കാര്യം മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പാണ്. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെന്ററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിപ്പിക്കും. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Pathanamthitta,Pathanamthitta,Kerala
October 20, 2025 8:37 PM IST
