മലപ്പുറത്ത് അന്ധനെന്ന് അഭിനയിച്ച് ഭിക്ഷ എടുത്ത കോട്ടയംകാരനെ കയ്യോടെ പിടിച്ച് നാട്ടുകാർ|Man who acted as blind for begging caught in Malappuram | Crime
Last Updated:
കറുത്ത കണ്ണട വെച്ച് അന്ധനാണെന്ന് പറഞ്ഞ് കോട്ടയംകാരൻ ഹംസ പല സ്ഥലങ്ങളിലും ഭിക്ഷ യാചിച്ചിരുന്നു
മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിവന്നയാളുടെ കള്ളത്തരം കൈയോടെ പിടികൂടി നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശിയായ ഹംസയാണ് ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് പണം എണ്ണിനോക്കിയതിലൂടെ കുടുങ്ങിയത്. രണ്ട് മാസം മുമ്പാണ് ഹംസ വളാഞ്ചേരിയിൽ എത്തിയത്. കറുത്ത കണ്ണട വെച്ച് അന്ധനാണെന്ന് പറഞ്ഞ് ഇയാൾ പല സ്ഥലങ്ങളിലും ഭിക്ഷ യാചിച്ചിരുന്നു. ഹംസയെ വിശ്വസിച്ച് നിരവധി പേർ പണം നൽകി സഹായിക്കുകയും ചെയ്തു. എന്നാൽ, കണ്ണ് കാണാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഇയാൾ അത് നിരസിച്ചു. ഇതോടെയാണ് വളാഞ്ചേരിക്കാർക്ക് സംശയം തോന്നിത്തുടങ്ങിയത്.
ഇന്ന് പുലർച്ചെ ഹംസ ആളൊഴിഞ്ഞ ഒരിടത്തേക്ക് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. തുടർന്ന് നിരീക്ഷിച്ച നാട്ടുകാർ കണ്ടത്, കറുത്ത കണ്ണട ഊരിമാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്ന ഹംസയെയാണ്. കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഇയാൾക്ക് തൻ്റെ കുറ്റം സമ്മതിക്കേണ്ടി വന്നു.
Malappuram,Malappuram,Kerala
October 21, 2025 8:04 AM IST
