ദീപാവലി ലഡു കൊടുത്തില്ല; 6 ജില്ലകളിലേക്കുള്ള എൽപിജി നീക്കം നിലച്ചു|diwali sweets lpg truck driver strike halts cylinder dispatches kochi | Kerala
Last Updated:
സ്ഥിരം ജീവനക്കാർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും ദീപാവലിയുടെ ഭാഗമായി മധുര പലഹാരപ്പെട്ടി വിതരണം ചെയ്തിരുന്നു
കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട് മധുര പലഹാരമടങ്ങിയ ബോക്സ് വിതരണം ചെയ്തതിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തിയതോടെ ബിപിസിഎൽ എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ സിലിണ്ടർ നീക്കം നിലച്ചു. ഇന്നലെ ഉച്ചവരെയാണ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് തടസ്സപ്പെട്ടത്.
സ്ഥിരം ജീവനക്കാർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും ദീപാവലിയുടെ ഭാഗമായി മധുര പലഹാരപ്പെട്ടി വിതരണം ചെയ്തിരുന്നു. എന്നാൽ, ട്രക്ക് ഡ്രൈവർമാർക്ക് ഇത് ലഭിച്ചില്ല. ഇതോടെ തങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് ഡ്രൈവർമാർ രാവിലെ 6 മണി മുതലുള്ള ഷിഫ്റ്റിൽ പണിമുടക്കുകയായിരുന്നു.
രാവിലെ 9 മണി കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ കയറ്റിറക്ക് തൊഴിലാളികൾ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ 6 ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം ഏറെനേരം പൂർണ്ണമായി നിലച്ചു. ഉച്ചയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതുഅവധിയായിരുന്നതിനാൽ സിലിണ്ടർ നീക്കം നടന്നിരുന്നില്ല. ഇതിനു പിന്നാലെ ഇന്നലെ പണിമുടക്കുകൂടി ഉണ്ടായതോടെ പല ജില്ലകളിലും പാചകവാതക ക്ഷാമം രൂക്ഷമായി. സംഭവത്തിൽ പ്രതികരിക്കാൻ ബിപിസിഎൽ അധികൃതർ തയ്യാറായില്ല.
Kochi [Cochin],Ernakulam,Kerala
October 22, 2025 9:45 AM IST
