Leading News Portal in Kerala

Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു | Kerala


Last Updated:

പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവർ കെട്ടു നിറച്ചു നൽകി

രാഷ്‌ട്രപതി സന്നിധാനത്ത്
രാഷ്‌ട്രപതി സന്നിധാനത്ത്

രാഷ്ട്രപതി ദ്രൗപതി മുർമു ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ശബരിമല ക്ഷേത്രത്തിലെത്തി ദർശനം നടത്തി.

പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങി റോഡ് മാർഗം പമ്പയിലെത്തിയ രാഷ്ട്രപതി ആചാരപരമായ പമ്പാ സ്നാനത്തിനു ശേഷം കെട്ടുനിറച്ചു. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവർ കെട്ടു നിറച്ചു നൽകി. വാവര് സ്വാമി നടയിലും രാഷ്‌ട്രപതി ദർശനം നടത്തി.

കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്‌ട്രപതിക്കൊപ്പം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചു. തുടർന്ന് സന്നിധാനത്തേക്ക് ഫോഴ്‌സ് ഗുർഖാ ഫോർ വീൽ ഡ്രൈവ് എമർജൻസി വാഹനത്തിലാണ് രാഷ്ട്രപതി എത്തിയത്. മൂന്ന് മണിക്കൂറോളം രാഷ്‌ട്രപതി സന്നിധാനത്ത് ചിലവഴിക്കും.

ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. 52 വർഷത്തിനു ശേഷമാണ് രാഷ്ട്രപതി അയ്യപ്പദർശനത്തിന് ശബരിമലയിൽ എത്തുന്നത്.

സന്നിധാനത്ത് 11.50 ന് എത്തിയ രാഷ്ട്രപതിയെ ആചാരപ്രകാരം പൂർണ കുംഭം നൽകി സ്വീകരിച്ചു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ ദ്രൗപതി മുർമുവിന് ദേവസ്വം ബോർഡ് ആചാരപരമായ സ്വീകരണം നൽകി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി വരവേറ്റു.

ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 മണിവരെ ഗസ്റ്റ് ഹൗസിൽ തങ്ങും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും.

വി.വി. ഗിരിയാണ് ശബരിമലയിൽ ദർശനം നടത്തുന്ന ആദ്യത്തെ രാഷ്ട്രപതി.1148 മീനം 28 (1973 ഏപ്രിൽ 10)നാണ് അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി ദർശനത്തിന് എത്തിയത്. രാഷ്ട്രപതിയുടെ മകനും കോൺഗ്രസ് എംപിയുമായിരുന്ന ശങ്കർ ഗിരി, ഭാസ്കർ ഗിരി, മല്ലിക് ഗിരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അന്ന് 1001 കതിന വെടിയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

1962ൽ കേരള ഗവർണർ ആയിരിക്കുമ്പോഴും വി.വി.ഗിരിയും ഭാര്യ സരസ്വതി ഗിരിയും ദർശനത്തിന് എത്തിയിട്ടുണ്ട്. അന്ന് ഗിരിയെ ചൂരൽ കസേരയിൽ എടുത്താണ് അന്ന് കൊണ്ടുപോയത്. ഇതാണ് പിന്നീട് ശബരിമലയിലെ ഡോളി സർവീസായി മാറിയത്.

ഹൈന്ദവ സംഘടനകളുടെ പ്രതികൾക്ക് അനുവാദമില്ല

രാഷ്ട്രപതിയെ കാണാൻ ഹൈന്ദവ സംഘടനകളുടെ പ്രതികൾക്ക് അനുവാദമില്ല. ഇന്ന് സന്നിധാനത്ത് വച്ച് കാണാമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ ഒൻപത് പ്രതിനിധികളോട് രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അനുവാദം ഉണ്ടാകില്ല എന്ന് അറിയിച്ചത്. തുടർന്ന് പത്തനംതിട്ടയിൽ എത്തിയിരുന്ന ഹൈന്ദവ സംഘടനകളുടെ പ്രതനിധികൾക്ക് തിരിച്ചു പോകേണ്ടിവന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ, രാഷ്ട്രപതിയെ അറിയിക്കുകയും, സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ആയിരുന്നു ലക്ഷ്യം. ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, വിശ്വഹിന്ദു പരിഷത്ത്, പന്തളം കൊട്ടാരം എന്നിവർക്കാണ് അവസാന നിമിഷം അനുവാദം ലഭിക്കാതിരുന്നത്.