കോൺഗ്രസിൽ നിന്ന് കൂറുമാറിയ 5 ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് 6 വർഷത്തേക്ക് വിലക്ക്; നടപടി ബിജെപി അംഗത്തിന്റെ പരാതിയിൽ | Five Grama Panchayat members who defected from the Congress have been banned for 6 years | Kerala
Last Updated:
തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം അഞ്ച് കോൺഗ്രസ് അംഗങ്ങളെയാണ് വിലക്കിയത്
തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ശേഷം കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് ഭരണസമിതിയെ അട്ടിമറിച്ചതിനാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇവർക്ക് ഇനി ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
പ്രസിഡന്റ് സി.എ. ജോസ്, വൈസ് പ്രസിഡന്റ് സൂസിമോൾ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എഡ്വിൻ സാം, ഏഞ്ചൽ കുമാരി, ജാസ്മിൻ പ്രഭ എന്നിവർക്കെതിരെയാണ് നടപടി. 2023-ലായിരുന്നു കോൺഗ്രസിന്റെ ഭരണസമിതിയെ അട്ടിമറിച്ച് ഇവർ ഇടതുപക്ഷവുമായി ചേർന്ന് ഭരണം പിടിച്ചെടുത്തത്. ഒരു ബി.ജെ.പി. അംഗമാണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇടതുപക്ഷത്തിലെ ആറ് അംഗങ്ങളുടെ പിന്തുണയോടുകൂടിയാണ് സി എൽ ജോസിനെ കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 19 അംഗങ്ങളുള്ള കാരോട് ഗ്രാമപഞ്ചായത്തില്‍ 10 കോൺഗ്രസ് അംഗങ്ങളാണുണ്ടായിരുന്നത്. സിപിഎമ്മിൽ നിന്നും നാലു പേരും ബിജെപിയിൽ നിന്നും രണ്ടു പേരും സിപിഐയിൽ നിന്നും രണ്ടാളും സ്വതന്ത്രരായിട്ടുള്ള രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ഗ്രൂപ്പ് തർക്കം പരിഹരിക്കുന്നതിനായി പ്രസിഡന്റ് സ്ഥാനം രണ്ട വർഷം വീതം പങ്കിടാനാണ് തീരുമാനമെടുത്തത്. പക്ഷെ, ധാരണപ്രകാരം രാജിവെക്കാന്‍ രാജേന്ദ്രന് നായര്‍ വിസമ്മതിച്ചതോടെ രണ്ടാമൂഴത്തില്‍ പ്രസിഡന്റ് ആകേണ്ട സി എല്‍ ജോസും നാല് അംഗങ്ങളും വിമതഭീഷണി ഉയര്‍ത്തി. ഇതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ ബിജെപി അംഗമായ കാന്തള്ളൂര്‍ സജിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Thiruvananthapuram,Kerala
October 23, 2025 6:09 PM IST
കോൺഗ്രസിൽ നിന്ന് കൂറുമാറിയ 5 ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് 6 വർഷത്തേക്ക് വിലക്ക്; നടപടി ബിജെപി അംഗത്തിന്റെ പരാതിയിൽ
