Leading News Portal in Kerala

പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ| MV Govindan on PM Shri Controversy Government Cannot Execute Entire Left Policy | Kerala


Last Updated:

വിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാരിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണം

എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ ധാരണാ പത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ നിലപാടിൽ മാറ്റമില്ല. പിഎം ശ്രീയിലെ പണം കേരളത്തിന് ലഭിക്കണം. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട പണം സംസ്ഥാനത്തിന് കിട്ടണം. അന്നും ഇന്നും പിഎം ശ്രീയിലെ നിബന്ധനകൾക്ക് എതിരാണ് സംസ്ഥാന സർക്കാർ. ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായാണ് വിഷയത്തെ കോൺഗ്രസ് കാണുന്നത്. രാജ്യത്ത് ആദ്യമായി പിഎം ശ്രീയിൽ ഒപ്പിട്ടത് കോൺഗ്രസ് ഭരിക്കുന്ന അന്നത്തെ രാജസ്ഥാനാണ്. സിപിഐയുമായി വിഷയം ചർച്ച ചെയ്യും. സിപിഐ മുന്നണിയിലെ പ്രബലമായ ശക്തിയാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഐയുടെ വിമർശനം മുഖവിലയ്ക്കെടുക്കും. വിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാരിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണം. സിപിഐയെ അപമാനിച്ചിട്ടില്ല. വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. ഒന്നും പ്രതികരിക്കാനില്ല എന്നാണ് ഉദ്ദേശിച്ചത്. എന്ത് സിപിഐ എന്ന് ചോദിച്ചത് മാധ്യമങ്ങളാണ് വലിയ പ്രശ്നമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്റെ ഡയറക്ടർ ഡോ. എ ആർ സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്. ഇതിനിടെ, പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നു.