കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് ഒക്ടോബർ 27 ന് കൂടിക്കാഴ്ച നടത്തും | Vijay to meet the families of Karur stampede victims families | India
Last Updated:
മരിച്ച ഒരാളുടെ കുടുംബം ഒഴികെ ബാക്കിയുള്ള എല്ലാവരും വിജയിയെ കാണാന്‍ സമ്മതിച്ചതായി വൃത്തങ്ങള്‍
കരൂരിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെയും കുടുംബാംഗങ്ങളുമായി ടിവികെ നേതാവും നടനുമായ വിജയ് ഒക്ടോബര്‍ 27ന് ചെന്നൈയില്‍വെച്ച് കൂടിക്കാഴ്ച നടത്തും. “മരിച്ചവരുടെ കുടുംബാംഗങ്ങളുമായി അര്‍ത്ഥവത്തായ ഒരു കൂടിക്കാഴ്ച നടത്താന്‍ ഞങ്ങളുടെ നേതാവ് ആഗ്രഹിക്കുന്നു. അവര്‍ക്കൊപ്പം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ചെന്നൈയില്‍വെച്ചായിരിക്കും കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കുള്ള വേദി അന്തിമമാക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ഞങ്ങള്‍,” ഒരു സ്രോതസ്സ് ന്യൂസ് 18നോട് പറഞ്ഞു.
സെപ്റ്റംബര്‍ 27ന് വിജയ് നടത്തിയ തമിഴ് വെട്രി കഴകം(ടിവികെ) പാര്‍ട്ടി യോഗത്തില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചിരുന്നു.
വിജയ്ക്ക് ഇരകളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് കരൂരില്‍ വേദി ഉറപ്പാക്കാൻ നടത്തിയ ശ്രമം ഒരു ‘ഹിമാലയന്‍ ദൗത്യ’മായിരുന്നുവെന്ന് ടിവികെയിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
“കരൂരില്‍ പല ഇടത്തും വേദിക്കായി ഞങ്ങള്‍ ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് കരൂര്‍ പോലീസ് നിര്‍ദേശിച്ച വേദി വിജയുടെയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്ക് അനുയോജ്യമല്ലായിരുന്നു. അവിടെ മതില്‍ കെട്ടിയിട്ടില്ലായിരുന്നു. അത് ഒരു ഗോഡൗണ്‍ പോലെയായിരുന്നു. അവിടെ നിരവധി ആളുകളെ എങ്ങനെ ഉള്‍ക്കൊള്ളിക്കും? അവിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ആ സ്ഥലം ഞങ്ങള്‍ നിരസിക്കുകയായിരുന്നു,” ടിവികെയിലെ ഒരു ഉന്നതവൃത്തം പറഞ്ഞു.
മരിച്ച ഒരാളുടെ കുടുംബം ഒഴികെ ബാക്കിയുള്ള എല്ലാവരും വിജയിയെ കാണാന്‍ സമ്മതിച്ചതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വിജയിയുടെ കരൂര്‍ സന്ദര്‍ശനം വൈകിയതില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. കരൂരില്‍ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും അനുയോജ്യമായ സ്ഥലം കിട്ടാത്തതിനാല്‍ മറ്റ് ജില്ലകളില്‍ അതിനുള്ള സാധ്യത തേടുകയായിരുന്നു.
സെപ്റ്റംബര്‍ 27ന് നടന്ന റാലിയില്‍ പതിനായിരക്കണക്കിന് അനുയായികളാണ് വിജയിയെ കാണാന്‍ തടിച്ചു കൂടിയത്. 10,000 പേര്‍ക്കാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വിജയ് ആറ് മണിക്കൂര്‍ വൈകിയാണ് വേദിയിലെത്തിയത്. ഇത് അപകടസാധ്യത വര്‍ധിപ്പിച്ചു. തുടർന്ന് വിജയ് പ്രസംഗം ആരംഭിച്ചയുടനെ അസ്വസ്ഥരായ ജനക്കൂട്ടം വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ന്ന് തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്.
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം മാത്രമെ പാര്‍ട്ടിയുടെ അടുത്ത നടപടി വിജയ് തീരുമാനിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരൂര്‍ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിറുത്തിവെച്ചിരുന്നു.
Thiruvananthapuram,Kerala
October 25, 2025 10:54 AM IST
