Leading News Portal in Kerala

എല്ലാം കോംപ്ലിമെൻസാക്കി; ബിനോയ്‌ വിശ്വത്തെ എം എൻ സ്മാരകത്തിൽ എത്തി കണ്ട് മന്ത്രി ശിവൻകുട്ടി | Minister V. Sivankutty visited Binoy Viswam at MN Smarakam to appease him regarding PM SHRI | Kerala


Last Updated:

എല്ലാ പ്രശ്നങ്ങളും തീരുമെന്നാണ് മന്ത്രി ശിവൻകുട്ടി മാധ്യമങ്ങൾക്ക് നൽകിയ മറുപടി

News18
News18

തിരുവനന്തപുരം: പി.എം.ശ്രീ (PM SHRI) പദ്ധതിയെ ചൊല്ലി എൽ.ഡി.എഫിൽ ഉടലെടുത്ത അസാധാരണമായ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സി.പി.ഐയുടെ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ എത്തിയാണ് അദ്ദേഹം ബിനോയ് വിശ്വവുമായി ചർച്ച നടത്തിയത്.

പദ്ധതിക്കെതിരെ സി.പി.ഐ. ശക്തമായ നിലപാടെടുക്കുകയും പരസ്യവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രി നേരിട്ട് സി.പി.ഐ. ആസ്ഥാനത്തെത്തി അനുനയ ശ്രമം നടത്തിയത്. മന്ത്രി വി ശിവൻകുട്ടിയ്ക്കൊപ്പം ഭക്ഷ്യ മന്ത്രി ജി ആർ അനിലുമുണ്ടായിരുന്നു.

എന്നാൽ, ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നില്ല. എന്താണ് ചർച്ച ചെയ്തതെന്ന് വൈകുന്നേരം പറയാമെന്നും ശിവൻകുട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ചിത്രം വി ശിവൻകുട്ടി ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

‘ഞാൻ പ്രതികരിക്കുന്നില്ല, വൈകുന്നേരം സംസാരിക്കാം. ബിനോയ് വിശ്വം സഖാവിനെ കാണാൻ വന്നു. മന്ത്രി ജി.ആർ. അനിൽ ഉണ്ടായിരുന്നു. പിഎംശ്രീയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ചില വിഷയങ്ങൾ ചർച്ച ചെയ്തു. ആ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല’- മന്ത്രി പറഞ്ഞു. ചർച്ച പോസിറ്റീവ് ആയിരുന്നോ എന്ന ചോദ്യത്തിന്, ‘എല്ലാ പ്രശ്നങ്ങളും തീരും’ എന്നായിരുന്നു മറുപടി.

പി.എം.ശ്രീ (PM SHRI) പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതിൽ നിന്ന് പിന്മാറണമെന്ന സി.പി.ഐയുടെ ശക്തമായ നിലപാടിനിടയിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനുനയ നീക്കങ്ങൾ തുടർന്നു. എന്നാൽ, ധാരണാപത്രത്തിൽ നിന്ന് പിന്മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. കടുത്ത നിലപാടിലാണ്. ധാരണാപത്രത്തിൽ നിന്ന് പിന്മാറണം എന്നതാണ് സി.പി.ഐയുടെ പ്രധാന ആവശ്യം, ഈ നിലപാടിൽ പാർട്ടി ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. പദ്ധതിയുമായി മുന്നോട്ട് പോയത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ. നേതാവ് ബിനോയ് വിശ്വം വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ. കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേരുകയും ചെയ്തു.