യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ നാളെ ചുമതലയേൽക്കും; ചടങ്ങ് അല്പം വ്യതസ്ഥമാകും|Youth Congress State Office-Bearers to Take Charge Tomorrow | Kerala
Last Updated:
തിങ്കളാഴ്ച രാവിലെ 11ന് കെപിസിസി ഓഫീസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ അധികാരമേൽക്കൽ ചടങ്ങ് സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമാകും. തിങ്കളാഴ്ച രാവിലെ 11ന് കെപിസിസി ഓഫീസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡന്റ് ഒ.ജെ. ജനീഷും വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലും ചുമതലയേറ്റെടുക്കും.
സാധാരണയായി സ്ഥാനമൊഴിയുന്ന പ്രസിഡന്റിൽ നിന്ന് മിനിറ്റ്‌സ് ബുക്ക് ഏറ്റുവാങ്ങിയാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റെടുക്കേണ്ടത്. എന്നാൽ, മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ചടങ്ങിലേക്ക് ക്ഷണമില്ല. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതിനാലാണിത്.
ഈ സാഹചര്യത്തിൽ, ദേശീയ പ്രസിഡന്റ് ഉദയ്ഭാനു ചിബ് ചടങ്ങിൽ പങ്കെടുക്കും. കെപിസിസിയുടെ പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള മറ്റു പ്രധാന നേതാക്കളും പരിപാടിക്കെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊല്ലത്തെ പരിപാടികളിലാണെങ്കിലും ചടങ്ങിനെത്താൻ സാധ്യതയുണ്ട്. ദേശീയ സെക്രട്ടറിമാരായി നിയമിതരായ അബിൻ വർക്കിയും കെ.എം. അഭിജിത്തും പരിപാടിയിൽ പങ്കെടുത്തേക്കും.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ 1. 7 ലക്ഷം വോട്ട് നേടിയെങ്കിലും ‘ചില കാരണങ്ങളാൽ’ അബിൻ വർക്കിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഇതിൽ ഓർത്തഡോക്സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. തന്നെ എന്തുകൊണ്ടാണ് പരിഗണിക്കാത്തത് എന്ന് നേതൃത്വം ആണ് പറയേണ്ടതെന്ന് അബിൻ വർക്കിയും പറഞ്ഞിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 26, 2025 12:22 PM IST
