Leading News Portal in Kerala

വോട്ടർപട്ടിക പരിഷ്കരണം; കേരളം അടക്കം 12 ഇടങ്ങളിൽ ‘എസ്‌ഐആർ’: നടപടി നാളെ മുതല്‍ | Election Commission announces schedule for nationwide Intensive Voter List Revision | India


Last Updated:

എസ്‌ഐആർ നടക്കുന്ന ഇടങ്ങളില്‍ വോട്ടർ പട്ടിക ഇന്നു മുതല്‍ മരവിപ്പിക്കും

News18
News18

ഡൽഹി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. എസ്‌ഐആർ നടക്കുന്ന ഇടങ്ങളില്‍ വോട്ടർ പട്ടിക ഇന്നു മുതല്‍ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും.

കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്‌ഐആര്‍ ആദ്യം നടപ്പാക്കുക. എസ്‌ഐആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.

ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കി. ഇത് സംബന്ധിച്ച്‌ വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീല്‍ പോലും ബീഹാറില്‍ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎല്‍ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതല്‍ പരിശീലനം തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്‌ഐആര്‍ സംബന്ധിച്ച്‌ സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എസ്‌ഐആർ അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നിർദ്ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെയാണ് കേരളത്തിലും എസ്‌ഐആര്‍ നടപ്പാക്കുന്നത്.