പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു| Congress Leaders from kerala Called to Delhi by High Command Over Internal Feud | Kerala
Last Updated:
രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് ചർച്ച നടക്കുക
ന്യൂഡൽഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കുകയാണ് പ്രധാന അജണ്ട.
രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് ചർച്ച നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക അര്ജുന് ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിൽ തർക്ക പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. കെപിസിസി സെക്രട്ടറിമാരുടെ പട്ടികയും ഉടൻ പ്രഖ്യാപിക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിന്നതോടെ കഴിഞ്ഞദിവസം ചേരാനിരുന്ന ഭാരവാഹിയോഗം മാറ്റിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുനയ നീക്കത്തിനുള്ള ഹൈക്കമാൻഡ് ഇടപെടൽ.
കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയാകും. പ്രധാന നേതാക്കള്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ച പേരുകളിലും വിശദ ചര്‍ച്ചയുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് താക്കീത് ചെയ്യും. സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പരിഷ്കരണം സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും.
New Delhi,New Delhi,Delhi
October 28, 2025 9:32 AM IST
