Leading News Portal in Kerala

രേവതിപ്പട്ടത്താനം 2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്| Revathy Pattathanam Awards 2025 Announced Kavalam Sasikumar Wins Krishnageethi Puraskaram | Kerala


Last Updated:

മനോരമ തമ്പുരാട്ടി പുരസ്കാരം ഡോ. ഇ എൻ ഈശ്വരന്. മികച്ച കൃഷ്ണനാട്ട കലാകാരനുള്ള പുരസ്കാരം കെ സുകുമാരന്

കാവാലം ശശികുമാർ, ഡോ. ഇ എൻ‌ ഈശ്വരൻ, കെ സുകുമാരൻ
കാവാലം ശശികുമാർ, ഡോ. ഇ എൻ‌ ഈശ്വരൻ, കെ സുകുമാരൻ

കോഴിക്കോട്: മികച്ച കവിതാസമാഹാരത്തിന് തളി മഹാക്ഷേത്രവും സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും പതിറ്റാണ്ടുകളായി നൽകി വരുന്ന ‘കൃഷ്ണഗീതി ‘ പുരസ്കാരത്തിന് പ്രശസ്ത മാധ്യമപ്രവർത്തകനും കവിയുമായ കാവാലം ശശികുമാർ അർഹനായി. ‘നഗരവൃക്ഷത്തിലെ കുയിൽ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹനാക്കിയത്.

കൃഷ്ണനാട്ടത്തിൻ്റെ മൂല കൃതിയായ കൃഷ്ണഗീതിയുടെ രചയിതാവായ സാമൂതിരി മാനവേദൻ രാജയുടെ (1595-1658) സ്മരണർത്ഥം ഏർപ്പെടുത്തിയതാണ് ‘കൃഷ്ണഗീതി പുരസ്കാരം’. മൂന്നാം കണ്ണിലൂടെ, നഗരവൃക്ഷത്തിലെ കുയിൽ എന്നീ കവിതാ സമാഹാരങ്ങൾക്ക് പുറമെ കാവാലം ശശികുമാർ 13 പുസ്ത‌കങ്ങൾ രചിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണെങ്കിലും ഇപ്പോൾ പട്ടാമ്പിയിലാണ് താമസം.

പട്ടത്താന സമിതി മികച്ച സാഹിത്യത്തിന് ഏർപ്പെടുത്തിയ ‘മനോരമതമ്പുരാട്ടി പുരസ്കാര’ത്തിന് തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം മേധാവി ഡോ. ഇ എൻ ഈശ്വരൻ അർഹനായി. മികച്ച കൃഷ്ണനാട്ട കലാകാരനുള്ള പട്ടത്താന സമിതിയുടെ കുട്ടിയനുജൻ രാജ പുരസ്കാരത്തിന് ഗുരുവായൂരിലെ കൃഷ്ണനാട്ട വേഷ വിഭാഗം ആശാനായിരുന്ന കെ സുകുമാരൻ അർഹനായി.

നവംബർ 4 ന് കോഴിക്കോട് തളി ഗുരുവായൂരപ്പൻ ഹാളിൽ നടക്കുന്ന രേവതി പട്ടത്താന സദസ്സിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. വെങ്കലത്തിൽ തീർത്ത കൃഷ്ണശിൽപ്പവും, പ്രശസ്തിപത്രവും 15,000 രൂപയും ഉൾപ്പെട്ടതാണ് മൂന്ന് പുരസ്കാരങ്ങളും. കവി പി പി ശ്രീധരനുണ്ണി, ടി ബാലകൃഷ്ണൻ, പി സി രഘുരാജ് എന്നിവരാണ് കൃഷ്ണഗീതിപുരസ്കാരം ജഡ്ജിങ് കമ്മിറ്റിഅംഗങ്ങൾ.