യുഎസിൽ ഇന്ത്യൻ വംശജനായ സംരംഭകൻ 4420 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട് Indian-origin entrepreneur in US reportedly committed loan fraud worth more than four thousand crore | World
Last Updated:
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായാണ് തട്ടിപ്പ് നടത്തിയത്
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകന്‍ 500 മില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 4420 കോടി രൂപ) വായ്പാത്തട്ടിപ്പ് നടത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായ ബങ്കിം ബ്രഹ്‌മഭട്ട് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സും മറ്റ് അമേരിക്കന്‍ വായ്പാദാതാക്കളും ഈ ”അമ്പരിപ്പിക്കുന്ന” തട്ടിപ്പില്‍ കുടുങ്ങിയതായും തുക തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വായ്പാ കൊളാറ്ററലായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന അക്കൗണ്ട് റിസീവബിള്‍(എആര്‍) വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപിക്കപ്പെടുന്നു. യുഎസിലെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തുക വായ്പയായി നേടുന്നതിന് ഇയാള്‍ വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളുകളും റീസിവബിളുകളും സൃഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു.
ബ്ലാക്ക്‌റോക്കും മറ്റ് വായ്പാദാതാക്കളും ഓഗസ്റ്റില്‍ ഒരു കേസ് ഇയാൾക്കെതിരേ ഫയല്‍ ചെയ്തിട്ടുണ്ട്. ബ്രഹ്‌മഭട്ടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ 500 മില്ല്യണ്‍ ഡോളറിലധികം വായ്പ എടുത്തിട്ടുള്ളതായി അവര്‍ പറഞ്ഞു. മറ്റ് ടെലികോം കമ്പനികള്‍ക്ക് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതായി ബ്രഹ്‌മഭട്ടിന്റെ ബിസിനസുകളുടെ വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ-ക്രെഡിറ്റ് വിപണികളിലേക്ക് ബിസിനസ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാദ്യം എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സിനെ ബ്ലാക്കറോക്ക് ഏറ്റെടുത്തിരുന്നു. ഈ നിര്‍ണായകമായ സമയത്താണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ബ്രഹ്‌മഭട്ടിന്റെ ടെലികോം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനായി എച്ച്പിഎസുമായി പങ്കാളിത്തമുള്ള ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ ബാങ്ക് ബിഎന്‍പി പാരിബ വഴിയാണ് വായ്പകള്‍ നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നു. 2020 സെപ്റ്റംബറില്‍ എച്ച്പിഎസ് ആദ്യം ഒരു കമ്പനിയ്ക്ക് വായ്പന നല്‍കി. 2024ല്‍ വായ്പ 430 മില്ല്യണ്‍ ഡോളറായി ഉയര്‍ത്തി. രണ്ട് എച്ച്പിഎസ് ക്രെഡിറ്റ് ഫണ്ടുകള്‍ വഴിയാണ് ബിഎന്‍പി പാരിബ ഈ വായ്പകളില്‍ പകുതിയോളം നല്‍കിയതെന്ന് സ്രോതസ്സുകള്‍ പറഞ്ഞു.
2025 ജൂലൈയിലാണ് കാരിയോക്‌സ് ഉപഭോക്താക്കളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ചില ഇമെയില്‍ വിലാസങ്ങളുമായി ബന്ധപ്പെട്ട് ഒരു എച്ച്പിഎസ് ജീവനക്കാരന്‍ ക്രമക്കേട് കണ്ടെത്തിയതെന്ന് ഡബ്ല്യുഎസ്‌ജെ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം എച്ച്പിഎസിനോട് ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ബ്രഹ്‌മഭട്ട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അതിന് ശേഷം വൈകാതെ ഫോണ്‍കോളുകളോട് പ്രതികരിക്കാതെ വരികയായിരുന്നു. ഇതിന് ശേഷം ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലെ ബ്രഹ്‌മഭട്ടിന്റെ കമ്പനികളുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഒരു എച്ച്പിഎസ് ജീവനക്കാരന്‍ അവിടെ പൂട്ടിയിട്ടിരിക്കുന്നതായും ആളൊഴിഞ്ഞിരിക്കുന്നതായും കണ്ടെത്തി.
ഓഗസ്റ്റ് 12-ന്, ബ്രഹ്‌മഭട്ടിന്റെ ടെലികോം കമ്പനികള്‍ ചാപ്റ്റര്‍ 11-ന് അപേക്ഷ നല്‍കിയ അതേ ദിവസം തന്നെ, അയാള്‍ പാപ്പരത്തത്തിനായി അപേക്ഷ നല്‍കിയതായി പറയപ്പെടുന്നു.
ടെലികോം രംഗത്ത് 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ബങ്കായ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് ബ്രഹ്‌മഭട്ട്. ഇയാളുടെ സ്ഥാപനങ്ങളായ ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നിവ ആഗോള ഓപ്പറേറ്റര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നു.
New Delhi,Delhi
November 01, 2025 6:36 PM IST
