Leading News Portal in Kerala

ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന് അവര്‍ക്കറിയാം: കെ സി വേണുഗോപാൽ|kc venugopal says a government of boys will come in kerala | Kerala


Last Updated:

നിലവിലെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയുള്ളതാണെന്ന് കെ സി വേണുഗോപാൽ

News18
News18

ആലപ്പുഴ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ. ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരുമെന്ന് അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷമുയർത്തിയ വിമർശനങ്ങളുടെ തുടർച്ചയായാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം, നിലവിലെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയുള്ളതാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഈ പ്രഖ്യാപനങ്ങളെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഈ തട്ടിപ്പിൽ ജനം വീഴാൻ പോകുന്നില്ലെന്നും ദരിദ്രരായ ആളുകളുടെ എണ്ണം പ്രഖ്യാപനം കൊണ്ട് കുറയ്ക്കാൻ സാധിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യം മാറ്റാൻ വേണ്ടിയുള്ള ശാസ്ത്രീയമായ കാര്യങ്ങളോ ഫലപ്രദമായ ഇടപെടലുകളോ സർക്കാർ നടത്തിയിട്ടില്ല. മറിച്ച്, അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാര്യമാണ് സർക്കാർ ചെയ്തതെന്നും ഇത് പാവങ്ങൾക്ക് എതിരായ നടപടിയായി കാണണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അതിദരിദ്രർക്കുള്ള പ്രത്യേക സഹായം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.