‘പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു’: മന്ത്രി ശിവന്‍കുട്ടി| PM-SHRI Letter Not Delayed Kerala Got First SSK Fund Installment After Two Years says Minister Sivankutty | Kerala
Last Updated:
പിഎം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കരാർ മരവിപ്പിക്കാനുള്ള കത്ത് അയക്കാൻ സമയം എടുക്കുമെന്നും ആ സമയമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. അനുമതി നല്കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 2023 – 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക.
പിഎം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കരാർ മരവിപ്പിക്കാനുള്ള കത്ത് അയക്കാൻ സമയം എടുക്കുമെന്നും ആ സമയമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗ ശേഷം ഉപസമിതി ചേരുന്നത് മന്ത്രിമാരുമായി കൂടി ആലോചിക്കും. ഈ മാസം 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതി വിവാദത്തിൽ സിപിഐയ്ക്ക് ഒരു പ്രശ്നവും ഇല്ല. വിഷമം ഉള്ളത് ചില പത്ര മാധ്യമങ്ങൾക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവർ ഏങ്ങി ഏങ്ങി കരയുന്നു. കോൺഗ്രസിൽ ഒരു വ്യക്തി പറയുന്നതാണ് തീരുമാനം. എൽഡിഎഫിൽ അങ്ങനെ അല്ല. ഒരു കമ്മിറ്റി ഉണ്ട്. കൂട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീവിവാദത്തില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതില്‍ നിയമോപദേശം ഉടന്‍ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതില്‍ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 05, 2025 12:20 PM IST
‘പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു’: മന്ത്രി ശിവന്‍കുട്ടി
