Leading News Portal in Kerala

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യല്ലേ! ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടിച്ചാൽ‌ ‘പണി’ ഉറപ്പ്| Alcometer Checks on Trains Strict Action Guaranteed for Drunken Passengers | Kerala


Last Updated:

മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ്

News18
News18

തിരുവനന്തപുരം: വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തും. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസുകാർക്കും സംസ്ഥാന പോലീസ് മേധാവിയുടെ കർശന നിർദേശം നൽകി. റെയിൽവേ പോലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരെയും താൽക്കാലികമായി റെയിൽവേ സ്റ്റേഷനിലേക്ക് നൽകി സുരക്ഷ കർശനമാക്കാനാണ് നിർദേശം. ‌

‌ട്രെയിനുകളിൽ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. ട്രെയിനുകൾക്കുളളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

ട്രെയിനില്‍ മദ്യപിച്ചാലുള്ള ശിക്ഷ

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല വിധത്തിലുളള സുരക്ഷാനിയമങ്ങള്‍ റെയില്‍വേ നടപ്പിലാക്കിയിട്ടുണ്ട്. 1989 ലെ റെയില്‍വേ ആക്ടിലെ സെഷന്‍ 165 പ്രകാരം മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഇങ്ങനെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഉടനടി ടിക്കറ്റ് റദ്ദ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം വരെ തടവും പിഴയും ലഭിക്കുകയും ചെയ്യും.