ജനുവരിയിൽ കേരളത്തിൽ കുംഭമേള; തിരുനാവായ വേദിയാകും| Kerala to Host kumbh Mela in 2026 Thirunavaya Becomes the Venue | Kerala
Last Updated:
തിരുനാവായയിലെ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് കുംഭമേള അരങ്ങേറുക
തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഹൈന്ദവ മഹാസംഗമമായ കുംഭമേളയ്ക്ക് കേരളവും വേദിയാകാൻ ഒരുങ്ങുന്നു. ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് ഇനി മലപ്പുറത്തെ തിരുനാവായയും സാക്ഷിയാകും.
തിരുനാവായയിലെ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് കുംഭമേള അരങ്ങേറുക. നവംബർ 23ന് ചേരുന്ന നിർണായക യോഗത്തിൽ മേളയുടെ സംഘാടനത്തിനായി ഒരു സ്വീകരണ സമിതിക്ക് രൂപം നൽകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാരയാണ് കേരളത്തിലെ കുംഭമേളയ്ക്കും നേതൃത്വം നൽകുന്നത്. ജുന അഖാരയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. കുംഭമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അദ്ദേഹം കഴിഞ്ഞ ബുധനാഴ്ച തിരുനാവായ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
തൃശ്ശൂരിലെ മുൻ എസ്എഫ്‌ഐ നേതാവായിരുന്ന സ്വാമി ആനന്ദവനം ഭാരതി സന്യാസം സ്വീകരിക്കുകയും പിന്നീട് മഹാമണ്ഡലേശ്വർ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയായി മാറുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
ഉത്തരേന്ത്യൻ കുംഭമേളയ്ക്ക് സമാനമായ ആഘോഷ പാരമ്പര്യമുള്ള നാടാണ് തിരുനാവായ എന്ന് സ്വാമി ആനന്ദവനം ഭാരതി ഓർമ്മിപ്പിക്കുന്നു. ചേരമാൻ പെരുമാളിന്റെ ഭരണകാലത്ത് ഇവിടെ മഹാ മഖം എന്ന പേരിൽ ഒരു ഉത്സവം നടന്നിരുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ ആയിരുന്നു തിരുനാവായയിൽ മഹാ മഖം നടന്നിരുന്നത്. ഇത് യജ്ഞത്തിനും യാഗത്തിനും പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നതിനും വേദിയായി. പിന്നീടാണ് ഈ ചടങ്ങ് മാമാങ്കം എന്ന പേരിൽ ആയോധന രൂപം കൈക്കൊണ്ടത്. തമിഴ്‌നാട്ടിലെ കുംഭകോണത്തും ഈ പാരമ്പര്യം നിലനിന്നിരുന്നു.
മാമാങ്കം ചടങ്ങുകൾ തിരുനാവായയിൽ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. 2016ൽ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ഭാരതപ്പുഴയുടെ തീരത്ത് നദീപൂജാ ചടങ്ങുകൾ നടത്തിയാണ് ഇതിന് തുടക്കം കുറിച്ചത്. കോവിഡ് കാലം ഒഴികെ ഇത് എല്ലാ വർഷവും തുടർന്നു.
2016ൽ തുടങ്ങിയ ഈ ചടങ്ങുകളുടെ തുടർച്ചയായി 2028-ൽ വിപുലമായ മഹാ മഖം (കുംഭമേള) ആഘോഷിക്കാനാണ് നിലവിലെ തീരുമാനം. അതിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിലാണ് 2026-ലെ കുംഭമേള ചടങ്ങുകൾ നടക്കുന്നത്.
അടുത്ത വർഷത്തെ മഹോത്സവത്തിനായി മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെയും കേരളത്തിലെ ആശ്രമങ്ങളുടെയും മറ്റ് അഖാരകളിൽ നിന്നുള്ള വിശ്വാസികളുടെയും സഹകരണം ജുന അഖാര തേടും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 06, 2025 12:50 PM IST
