‘ഇതെന്ത് ഭ്രാന്താണ്’; രാഹുൽ ഗാന്ധി പരാമർശിച്ച ബ്രസീലിയൻ മോഡൽ ലാരിസയുടെ പ്രതികരണം| Brazilian Model Larissas Reaction to Rahul Gandhis Vote Theft Controversy | India
Last Updated:
‘‘തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ആ ചിത്രമെടുക്കുമ്പോൾ എനിക്ക് 18-ഓ 20-ഓ വയസ്സാണ്”
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിക്കവെ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിട്ടും ആരാണ് ബ്രസീലിയൻ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ലാരിസ തന്നെയാണ് തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സിൽ പങ്കുവച്ചത്. ഹരിയാനയിൽ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമാണുണ്ടായിരുന്നത്.
‘‘തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ആ ചിത്രമെടുക്കുമ്പോൾ എനിക്ക് 18-ഓ 20-ഓ വയസ്സാണ്. ആളുകളെ കബളിപ്പിക്കാൻ അവർ എന്നെ ഒരു ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള് ജീവിക്കുന്നത്. ഏറെപേർ എന്റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്’’ – ലാരിസ പറഞ്ഞു.
ഇതിനിടെ, ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ട വോട്ടർ ഐഡികളിൽ ഒന്നുള്ള സ്ത്രീയുമായി സിഎൻഎൻ-ന്യൂസ്18 സംസാരിച്ചു. പിങ്കി ജുഗിന്ദർ കൗഷിക് എന്ന് തിരിച്ചറിഞ്ഞ ഈ സ്ത്രീ, ചിത്രത്തിലെ പൊരുത്തക്കേട് ഒരു ക്ലറിക്കൽ പിശക് മാത്രമാണെന്ന് വ്യക്തമാക്കി. “അതെ, ഞാൻ തന്നെയാണ് ഗ്രാമത്തിലെ സ്കൂളിൽ പോയി വോട്ട് ചെയ്തത്. പേരുകൾ ഒരുപോലെയാണ്, പക്ഷേ ഫോട്ടോയിൽ ഒരു പിശകുണ്ടായി- അവർ മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്. എന്നിരുന്നാലും, ഞാൻ വോട്ട് ചെയ്തു. വോട്ട് ചെയ്യാൻ ആരും എന്നെ നിർബന്ധിച്ചില്ല. ഞാൻ എൻ്റെ സ്ലിപ്പ് കാണിച്ചതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്,” അവർ സിഎൻഎൻ-ന്യൂസ്18-നോട് പറഞ്ഞു.
അതേസമയം, ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
New Delhi,New Delhi,Delhi
November 06, 2025 2:01 PM IST
