Leading News Portal in Kerala

സംസ്കാരചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് ഒരാൾ മരിച്ചു | One died after a concrete slab fell while digging a grave for a funeral in idukki | Kerala


Last Updated:

പൊതുസ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്

News18
News18

ഇടുക്കി: സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് ഒരാൾ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം മൂങ്കലാറിലെ വ്യാപാരിയായ പൊന്നുസ്വാമി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി മൂങ്കലാർ പൊതുസ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊന്നുസ്വാമിയുടെ ബന്ധുക്കളെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ കുഴിയെടുക്കാനാണ് നിർദേശം നൽകിയിരുന്നത്. കറുപ്പസ്വാമിയും അയ്യപ്പൻ എന്ന മറ്റൊരാളുമാണ് കുഴിയെടുക്കാൻ ഉണ്ടായിരുന്നത്.

അയ്യപ്പൻ കുഴിയുടെ മുകളിലും കറുപ്പസ്വാമി കുഴിക്കുള്ളിലും നിൽക്കുന്നതിനിടെ തൊട്ടടുത്ത കല്ലറയിലെ കല്ലറയിലെ കോണ്‍ക്രീറ്റ് സ്ലാബും അതിനുമുകളിൽ പതിച്ച ഗ്രാനൈറ്റും കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയിൽ നിൽക്കുകയായിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്.

സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരമേറിയ സ്ലാബ് കൂടുതൽ ആളുകൾ എത്തിയാണ് ഉയർത്തിയത്.

മൃതദേഹം വണ്ടിപ്പെരിയാർ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.