വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു | Man assaulted his wife and then allegedly chopped off her nose in Indore | Crime
Last Updated:
ആക്രമണത്തിന് ശേഷം ഭർത്താവ് തന്നെയാണ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് മൂക്ക് അറുത്തുമാറ്റി ഭർത്താവ്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. പ്രതിയായ ഭർത്താവ് രാകേഷ് (23) ബിൽവലിനെ അറസ്റ്റ് ചെയ്തു.
ജോലി ആവശ്യത്തിനായി രാകേഷും 22 കാരിയായ ഭാര്യയും ഗുജറാത്തിൽ പോയിരുന്നു. തിരികെ നാട്ടിലെത്തിയ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് കൊടുംക്രൂരതയായിരുന്നു. ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾക്ക് ഇടയിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച ഝാബുവ ജില്ലയിലെ പാദൽവ എന്ന സ്വന്തം ഗ്രാമത്തിലേക്ക് ഇരുവരും മടങ്ങി.
വിവാഹമോചനം ആവശ്യപ്പെട്ടതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത് എന്ന് യുവതി പരാതിയിൽ പറയുന്നു. വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കാമെന്ന് ഭർത്താവ് ഉറപ്പു നൽകിയിരുന്നെങ്കിലും, വീട്ടിലെത്തിയ ഉടൻ തന്നെ വടി കൊണ്ട് തല്ലാൻ തുടങ്ങിയെന്നും പിന്നീട് ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചു മാറ്റുകയായിരുന്നെന്നും യുവതി പറയുന്നു. ആക്രമണം നടക്കുമ്പോൾ മകൻ ഇതെല്ലാം കണ്ട് ഉറക്കെ നിലവിളിച്ചിട്ടും ഭർത്താവ് ആക്രമണം തുടർന്നെന്നും യുവതി കൂട്ടിച്ചേർത്തു.
മുറിഞ്ഞുപോയ മൂക്കിന്റെ ഭാഗം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് അത് മൃഗങ്ങൾ ഭക്ഷിച്ചതാവാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂരകൃത്യം ചെയ്ത ശേഷം ഭർത്താവായ രാകേഷ് പരിക്കേറ്റ ഭാര്യയെ റാണാപൂർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് യുവതിയെ പിന്നീട് ഝാബുവ ജില്ലാ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
പ്രതി രാകേഷിനെ അറസ്റ്റ് ചെയ്തതായി ഝാബുവ എസ്.പി പറഞ്ഞു. “പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയക്കുകയും ചെയ്തു,” എസ്.പി. അറിയിച്ചു.
Indore,Indore,Madhya Pradesh
November 06, 2025 5:49 PM IST
