മുസ്ലിം സമുദായത്തോട് അടുക്കാൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കും| BJP to Visit Muslim Household in New Outreach Strategy | Kerala
Last Updated:
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് അടുക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താനൊരുങ്ങുകയാണ് പാർട്ടി. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി സന്ദർശനം നടത്താനാണ് തീരുമാനം. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ചേർത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാൻ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകും. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേരത്തെ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്ന പരിപാടി ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം ക്രൈസ്തവ സമുദായവുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് ബിജെപി വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടുനില ഉയർത്താൻ ബിജെപിയെ ക്രൈസ്തവ ബന്ധം സഹായിച്ചിട്ടുണ്ടെന്നും പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനും ക്രൈസ്തവവോട്ടുകൾ ചെറുതല്ലാത്ത സഹായമാണ് ചെയ്തത്.
ഈസ്റ്ററിന് മുന്നോടിയായി സ്നേഹയാത്ര എന്നപേരിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചാണ് സമുദായത്തോട് ബിജെപി അടുത്തുതുടങ്ങിയത്. ബൂത്തുതലംവരെയുള്ള നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുകയും യേശുദേവന്റെയും പ്രധാനമന്ത്രി മോദിയുടെയും ചിത്രങ്ങളുള്ള ആശംസാകാർഡുകൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം സമുദായവുമായി അടുക്കാൻ ബിജെപി ഭവന സന്ദർശനം ആരംഭിക്കുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 07, 2025 4:46 PM IST
