തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം Approval for the first phase alignment of the Thiruvananthapuram Metro Rail project | Kerala
Last Updated:
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും.
Thiruvananthapuram,Kerala
November 07, 2025 7:19 PM IST
