Leading News Portal in Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയിൽ‌ തീരുമാനമായില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍| Minister V N Vasavan Confirms New TDB Governing Body Appointments Not Finalized Yet | Kerala


Last Updated:

മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു

വിഎൻ വാസവൻ
വിഎൻ വാസവൻ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിപി‌എമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കുവൈറ്റ് പര്യടനത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍.

പി എസ് പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ ഹരിപ്പാട് എംഎൽഎ ടി കെ ദേവകുമാർ, മുന്‍ എം പി എ സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്. ‌ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12ന് അവസാനിക്കുകയാണ്. ഈ മാസം 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്റെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് വിവാദം ശക്തമായത്.

2019 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ നിലവിലെ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം തിരിച്ചടിയായേക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.