കാട്ടുപന്നി കുറുകേച്ചാടി കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു|Three Youths Killed in Palakkad car accident After trying to save from Wild Boar | Kerala
Last Updated:
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു
പാലക്കാട്: ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ചിറ്റൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളായ ആറു പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്ര പോകുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുറുകെ ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ച് താഴെയുള്ള പാടത്തേക്ക് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന ആറു പേരെയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
Palakkad,Palakkad,Kerala
November 09, 2025 7:46 AM IST
