ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്മാരെന്ന് ഹരിയാന ഡിജിപി Those who drive Thar and Bullet are crazy and bad people, says top Haryana police officer | India
Last Updated:
വാഹനം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഡിജിപി
മഹീന്ദ്ര ഥാറും ബുള്ളറ്റും ഓടിക്കുന്നവർ ഭ്രാന്തന്മാരും മോശം ആളുകളുമാണെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. ഹരിയാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഒ.പി.സിംഗിന്റെ വാക്കുകളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിവ് വാഹന പരിശോധനകളിൽ പോലീസ് ഉദ്യോഗസ്ഥർ പാലിക്കുന്ന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.വാഹന പരിശോധനയിൽ ഉടനീളം ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസുകാർ നിർത്താറില്ല, എന്നാൽ അവർക്ക് അവഗണിക്കാൻ കഴിയാത്ത ചില വാഹനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഥാറിനെക്കുറിച്ചും ബുള്ളറ്റിനെക്കുറിച്ചും പരാമർശിച്ചത്.
ഥാറോ ബുള്ളറ്റോ ആണെങ്കിൽ പൊലീസിന് എങ്ങനെ അത് അവഗണിക്കാൻ കഴിയുമെന്നും എല്ലാ തെമ്മാടികളും ഇവ രണ്ടും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും താർ ഓടിക്കുന്ന ആളുകൾ റോഡിൽ സ്റ്റണ്ട് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ ഥാർ ഓടിക്കുന്നതിനിടെ ഒരാളുടെ മേൽ ഇടിച്ചു. അയാൾ തന്റെ മകനെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അത് ആ ഉദ്യോഗസ്ഥന്റെ പേരിലാണ്, അതിനാൽ അയാൾ തെമ്മാടിയാണ്” സിംഗ് പറഞ്ഞു. പോലീസുകാരുടെ പട്ടിക തയ്യാറാക്കിയാൽ എത്ര പേർക്ക് ഒരു താർ ഉണ്ടാകമെന്ന് അദ്ദേഹം അടുത്തുണ്ടായിരുന്ന സഹ പ്രവർത്തകനോട് ചോദിച്ചു. ഥാർ ആരുടെ കൈവശമുണ്ടെങ്കിലും അയാൾക്ക് ഭ്രാന്തായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
New Delhi,Delhi
November 09, 2025 2:13 PM IST
