ഹരിയാനയിൽ നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു Jammu and Kashmir Police recover two AK-47 rifles and 350 kg explosives from Haryana | India
Last Updated:
സ്ഫോടകവസ്തുക്കളുടെ അളവും ഗൂഢാലോചനയുടെ വ്യാപ്തിയും കണക്കിലെടുത്ത് അന്വേഷണത്തിൽ സഹായിക്കാൻ ദേശീയ സുരക്ഷാ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) ഫാക്കൽറ്റി അംഗമായിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഒരു അസോൾട്ട് റൈഫിൾ, മൂന്ന് മാഗസിനുകൾ, എട്ട് ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റൾ, എട്ട് സ്യൂട്ട്കേസുകളിലായി ഏകദേശം 360 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ടൈമറുകൾ, ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവ പോലീസ് കണ്ടെടുത്തു. ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഇഎം) ഭീകരാക്രമണ പദ്ധതിയുടെ ഭാഗമാണ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളെന്നാണ് പൊലീസിന്റെ നിഗമനം.
നേരത്തെ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിൾ പിടിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടർന്ന് മറ്റൊരു ഡോക്ടറായ ഡോ. മുസാമിലിൻ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡോ. മുസാമിൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണം നേരിടുന്നുണ്ടെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദ്ര കുമാർ ഗുപ്ത പറഞ്ഞു. കണ്ടെടുത്ത 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ആർഡിഎക്സ് അല്ലെന്നും അമോണിയം നൈട്രേറ്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീർ, ഹരിയാന പോലീസ് എന്നിവർ നടത്തിയ 15 ദിവസത്തെ സംയുക്ത ഓപ്പറേഷനെ തുടർന്നാണ് സ്ഫോടകവസ്തുക്കൾക്കൊപ്പം 20 ടൈമറുകൾ, ആയുധങ്ങൾ, ഒരു അസോൾട്ട് റൈഫിൾ എന്നിവ പിടിച്ചെടുത്തത്.
ഒക്ടോബർ 27 ന് ശ്രീനഗറിൽ നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ ഡോ. അദീൽ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കുന്നത് കണ്ടെത്തി. നവംബർ 6 ന്, ശ്രീനഗർ പോലീസ് ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഒരു ആശുപത്രിയിൽ നിന്നും മെഡിസിൻ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തെക്കൻ കശ്മീരിലെ ഖാസിഗുണ്ടിൽ താമസിക്കുന്ന ഡോ. അദീൽ 2024 ഒക്ടോബർ വരെ അനന്ത്‌നാഗിലെ ജിഎംസിയിൽ സീനിയർ റസിഡന്റായി ജോലി ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ജോലിസ്ഥലത്ത് നടത്തിയ റെയ്ഡിൽ ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിൾ കണ്ടെത്തി. ഇത് അന്വേഷണം ജമ്മു-കശ്മീരിന് പുറത്തേക്ക് വ്യാപിപ്പിച്ചു.
ഡോ. അദീലിനെ ചോദ്യം ചെയ്തതിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ, ഹരിയാനയിലെ ഫരീദാബാദിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഡോ. മുഫാസിൽ ഷക്കീലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് മറ്റൊരു എകെ-47 റൈഫിളും ഏകദേശം 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തത്. ഡോ. ഷക്കീൽ ഇപ്പോഴും ഒളിവിലാണ്, അദ്ദേഹത്തെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സ്ഫോടകവസ്തുക്കളും ആയുധങ്ങളും വലിയ തോതിലുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കായി ഉദ്ദേശിച്ചുള്ളതായിരിക്കാമെന്ന് വൃത്തങ്ങൾ പറഞ്ഞു.ജമ്മു കശ്മീർ, ഹരിയാന പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.സ്ഫോടകവസ്തുക്കളുടെ അളവും ഗൂഢാലോചനയുടെ വ്യാപ്തിയും കണക്കിലെടുത്ത് അന്വേഷണത്തിൽ സഹായിക്കാൻ ദേശീയ സുരക്ഷാ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്.
New Delhi,Delhi
November 10, 2025 12:12 PM IST
ഹരിയാനയിൽ നിന്ന് ജമ്മു കശ്മീർ പോലീസ് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു
