2 പുഴുങ്ങിയ മുട്ടയും ഗ്രേവിയും തർക്കത്തിൽ ചപ്പാത്തിക്കോലെടുത്ത് ഹോട്ടലുടമയെയും ജീവനക്കാരിയെയും മർദിച്ച 2 പേർ അറസ്റ്റിൽ|two arrested for attack on hotel owner and staff in an altercation over two boiled eggs | Crime
Last Updated:
കിടുക്കാച്ചി എന്ന ഹോട്ടൽ നടത്തുന്ന ചേർത്തല മരുത്തോർവട്ടം പുളിന്താനത്ത് വീട്ടിൽ സുരേഷിനെയും കടയിലെ ജീവനക്കാരിയെയുമാണ് ഇവർ ആക്രമിച്ചത്
ആലപ്പുഴ: മുട്ടക്കറിയുടെ പേരിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരിയെയും ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. ചേർത്തല താലൂക്കില്‍ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു (27), ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 11-ാം മൈൽ – മുട്ടത്തിപ്പറമ്പ് റോഡിൽ പോറ്റിക്കവലയ്ക്ക് സമീപം കിടുക്കാച്ചി എന്ന ഹോട്ടൽ നടത്തുന്ന ചേർത്തല മരുത്തോർവട്ടം പുളിന്താനത്ത് വീട്ടിൽ സുരേഷിനെയും (57) ഒരു ജീവനക്കാരിയെയുമാണ് ഇവർ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാൻ എത്തിയ പ്രതികൾ ജീവനക്കാരിയോട് 2 പുഴുങ്ങിയ മുട്ടയും ഗ്രേവിയും പ്രത്യേകം ആവശ്യപ്പെട്ടു. ഇങ്ങനെ വാങ്ങുമ്പോൾ രണ്ട് മുട്ടക്കറിയുടെ വില ഈടാക്കുമെന്ന് ജീവനക്കാരി പറഞ്ഞതിനെത്തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഉടമയെയും ജീവനക്കാരിയെയും ക്രൂരമായി മർദിക്കുകയായിരുന്നു. ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി കാമറ തകർത്ത കേസുകളിലെയും പ്രതികളാണ് ഇരുവരും.
പരിക്കേറ്റ സുരേഷിനെ ചേർത്തല താലൂക്ക് ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളെ മാരാരിക്കുളം എസ്എച്ച്ഒ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.ചന്ദ്രബാബു, സുനിൽകുമാർ, എഎസ്ഐ മിനിമോൾ, സിപിഒമാരായ സരേഷ്, രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നരഹത്യാശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Alappuzha,Alappuzha,Kerala
November 11, 2025 10:21 AM IST
2 പുഴുങ്ങിയ മുട്ടയും ഗ്രേവിയും തർക്കത്തിൽ ചപ്പാത്തിക്കോലെടുത്ത് ഹോട്ടലുടമയെയും ജീവനക്കാരിയെയും മർദിച്ച 2 പേർ അറസ്റ്റിൽ
