Leading News Portal in Kerala

മണ്ണാറശാല ആയില്യം ബുധനാഴ്ച: ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി| November 12 Holiday alappuzha district Mannarasala Sree Nagaraja Temple Ayilyam Mahotsavam | Kerala


Last Updated:

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി അനുവദിച്ച്‌ ജില്ലാ കളക്‌ടർ ഉത്തരവിറക്കി. എന്നാല്‍, പൊതുപരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം ബുധനാഴ്ച (നവംബർ 12). ആയില്യപൂജയും എഴുന്നള്ളത്തും ‌ബുധനാഴ്ച നടക്കും. ഇതിന്റെ ഭാഗമായി നവംബർ 12 ബുധനാഴ്‌ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി അനുവദിച്ച്‌ ജില്ലാ കളക്‌ടർ ഉത്തരവിറക്കി. എന്നാല്‍, പൊതുപരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും.

രാവിലെ 9 മണി മുതല്‍ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം ക്ഷേത്രം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങള്‍ക്കായി ദർശനം നല്‍കും. ഉച്ചപ്പൂജയ്‌ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേർന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്‌ക്കായുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർത്ഥക്കുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും.

എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യ പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യം പൂജകൾ നടക്കും. ആയില്യംപൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിനു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും. ഇത് നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണ്. ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.

14 എക്കറിലധികം സ്ഥലത്തായി നിറഞ്ഞു നിൽക്കുന്ന കാവുകൾക്കുള്ളിലാണ് കിഴക്കോട്ട് ദർശനമായി മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്ണു ശയിക്കുന്ന അനന്തൻകുടികൊള്ളുന്നു. അപ്പൂപ്പൻ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്.

നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാന വഴിപാട് സർപ്പബലിയാണ്. നൂറും പാലും, നിലവറപ്പായസം, പാലും പഴവും, കദളിപ്പഴ നിവേദ്യം, പാലഭിഷേകം, നെയ്യഭിഷേകം, കരിക്ക് അഭിഷേകം, മലർനിവേദ്യം, തൃമധുരം സർപ്പസൂക്ത അർച്ചന എന്നിവയും നടത്താം.

സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, നാകം മുതലായ പഞ്ചലോഹങ്ങൾ കൊണ്ടുള്ള പാമ്പിൻ പുറ്റും, മുട്ടയും, സർപ്പവും ചേർന്ന് സമർപ്പിക്കാം. സന്താന ഭാഗ്യത്തിന് ഉരുളി കമഴ്ത്തൽ ആണ് വഴിപാട്. ആരോഗ്യത്തിന് ഉപ്പും, രോഗ ശാന്തിക്ക് ചെറുപയർ, കടുക്, കുരുമുളക് എന്നിവയും കവുങ്ങിൻ പൂക്കുലയും, കരിക്കും ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്നു.