കേരളത്തിലെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതി പിടിയിൽ|second accused in stealing personal information of Keralites via online arrested | Crime
Last Updated:
പ്രതികളുടെ പക്കൽനിന്ന് തട്ടിപ്പിനായി ഉപയോഗിച്ച ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്
പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്ന വൻകിട സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടാം പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാൽബെൻ അനൂജ് പട്ടേലിനെ (37) ആണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിൽ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി. ജോസ് (23) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ ഹിരാൽ ബെന്നിലേക്ക് അന്വേഷണം എത്തിയത്.
താൻ ചെയ്യുന്ന കാര്യങ്ങൾ ജോയൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താറുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, മൊബൈൽ നമ്പരുകളുടെ തത്സമയ ലൊക്കേഷൻ വിവരങ്ങൾ, കോൾ ഡാറ്റാ റെക്കോഡുകൾ എന്നിവ നിയമവിരുദ്ധമായി ചോർത്തി വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളുടെ പക്കൽനിന്ന് തട്ടിപ്പിനായി ഉപയോഗിച്ച ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിച്ചു. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. സുനിൽകൃഷ്ണൻ, സബ് ഇൻസ്പെക്ടർ വി.ഐ. ആശ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.ആർ. പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സഫൂറമോൾ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ഹിരാൽബെനെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Pathanamthitta,Pathanamthitta,Kerala
November 12, 2025 9:24 AM IST
കേരളത്തിലെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതി പിടിയിൽ
