‘തിരുവനന്തപുരത്ത് സിപിഎം – ബിജെപി ഡീല്‍’; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത| CPM-BJP Deal in Thiruvananthapuram Rebel CPM Member Accuses Kadakampally Surendran of Unholy Alliance | Kerala
Last Updated:
കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങി ജയിക്കാനുള്ള ഡീലാണ് കടകംപള്ളി സുരേന്ദ്രൻ നടത്തിയതെന്നാണ് ആനി അശോകൻ ആരോപിക്കുന്നത്
തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം – ബിജെപി ഡീല്‍ ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആണെന്നാണ് ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ട് കിട്ടാനാണ് കടകംപള്ളി സുരേന്ദ്രന്റെ നീക്കമെന്ന് ആനി അശോകന്‍ പറയുന്നു.
‘മുൻപും ഇപ്പോഴും കടകംപള്ളി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയ സാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ തിരിച്ച് വോട്ട് കിട്ടാന്‍ വേണ്ടിയാണ് നീക്കം. തിരുവനന്തപുരം ജില്ലയ്ക്കകത്ത്, പ്രത്യേകിച്ചും കഴക്കൂട്ടത്ത് ഒരു ജാതി സമവാക്യം ഉണ്ട്. കടകംപള്ളിയുടെ ഭയങ്കരമായിട്ടുള്ള അപ്രമാദിത്വമാണ്. ഒരു വര്‍ഗ ബഹുജന സംഘടനകയുടെയും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ആള്‍ക്കാരെയാണ് ഈ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വച്ചിരിക്കുന്നത്’ – ആനി അശോക് ആരോപിച്ചു.
25 വര്‍ഷമായി ഒരേ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. പണവും ജാതിയും വലിയ ഘടകം. മൂന്നര പതിറ്റാണ്ടായി താന്‍ പാര്‍ട്ടിയില്‍ സജീവമാണ്. തന്റെ പേര് പോലും പരിഗണിച്ചില്ല. നേതൃത്വത്തിന് നല്‍കിയ പരാതികള്‍ അവഗണിച്ചു. കമ്മറ്റികളില്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ നല്‍കിയ പരാതികള്‍ പൂഴ്ത്തി. ഒരു പുല്ലിന്റെ വില പോലും തരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ആനി അശോകന്‍ വ്യക്തമാക്കി.
2005-2010 കാലയളവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകനെ പിന്നീട് പാർട്ടി അവഗണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നിലവിൽ ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം, ചെമ്പഴന്തി രണ്ടാം നമ്പർ ബൂത്ത് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി, നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, സിഐടിയു ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ആനി അശോകൻ നഗരസഭയുടെ ചെമ്പഴന്തി വാർഡിൽ എൽഡിഎഫ് റിബൽ സ്ഥാനാർത്ഥിയാവുന്നതിലൂടെ നേട്ടം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്, ബിജെപി മുന്നണികൾ . നിലവിൽ ബിജെപി വിജയിച്ച വാർഡാണ് ചെമ്പഴന്തി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 12, 2025 2:00 PM IST
‘തിരുവനന്തപുരത്ത് സിപിഎം – ബിജെപി ഡീല്‍’; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
