Leading News Portal in Kerala

ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി| Man Who Converted to Christianity and Engaged in Charity Became Violent While Resolving his own Family Conflict | Crime


Last Updated:

പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മിൽ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ജിജി മാരിയോയും മാരിയോ ജോസഫും
ജിജി മാരിയോയും മാരിയോ ജോസഫും

തൃശൂർ: ഭാര്യാഭർതൃ ബന്ധത്തിലെ തകർച്ചകൾ പരിഹരിച്ച് നിരവധി കുടുംബങ്ങളെ ഒന്നിപ്പിച്ച ക്രിസ്ത്യൻ സുവിശേഷകരും ജീവകാരുണ്യ പ്രവർത്തകരുമായ മാരിയോ ജോസഫ്- ജിജി മാരിയോ ദമ്പതിമാർ തമ്മിലടിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചാലക്കുടിയിലെ ‘ഫിലോക്കാലിയ ഫൗണ്ടേഷൻ’ നടത്തിപ്പുകാരാണ് ഇരുവരും.

പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മിൽ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായ ഈ ദമ്പതികൾ ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗൺസിലിംഗ് നൽകി പ്രശസ്തരാണ്.

‘സെറ്റ് അപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചു’

ഭർത്താവ് മാരിയോ ജോസഫ് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ജിജി മാരിയോ ചാലക്കുടി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇരുവരും 9 മാസമായി അകന്ന് കഴിയുകയായിരുന്നു. ഈ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനായി ജിജി, മാരിയോയെ കാണാൻ എത്തിയപ്പോഴാണ് അദ്ദേഹം അക്രമാസക്തനായതെന്നാണ് പരാതിയിൽ പറയുന്നത്.

വഴക്കിനിടെ മാരിയോ, ടി വി സെറ്റ് അപ് ബോക്സ് എടുത്ത് ജിജിയുടെ തലയ്ക്ക് അടിച്ചു. ജിജിയുടെ കൈകളിൽ കടിച്ചു പരിക്കേൽപ്പിച്ചു. മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ജിജിയുടെ 70,000 രൂപയുടെ മൊബൈൽ ഫോൺ അടിച്ച് തകർത്തുവെന്നും പരാതിയില്‍ പറയുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ മാരിയോ ജോസഫിനെതിരെ ചാലക്കുടി പോലീസ് ബിഎൻഎസ് 126 (2) വകുപ്പ് പ്രകാരം കേസെടുത്തു. ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ച് വരികയാണെന്ന് ചാലക്കുടി പോലീസ് അറിയിച്ചു.

മതംമാറ്റവും വിവാദ പ്രസംഗങ്ങളും

യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ – ജിജി ദമ്പതിമാർ. കുടുംബ ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കുന്ന കൗൺസിലർമാർ എന്ന നിലയിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വർഷങ്ങളായി ധ്യാനങ്ങളും, നിർദ്ദനർക്ക് വീട് വെച്ച് കൊടുക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്.

ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങൾ മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി