Leading News Portal in Kerala

ആലപ്പുഴ അപകടം: ഗർ​ഡറിന്റെ ഭാരം 80 ടൺ; മൃതദേഹം പുറത്തെടുത്തത് മൂന്ന് മണിക്കൂറിന് ശേഷം | It took three hours to retrieve the body of the driver who died when the girder fell in alappuzha | Kerala


Last Updated:

വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്

News18
News18

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമ്മാണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്.

ടോൾ പ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ, ജാക്കിയിൽ നിന്ന് തെന്നിമാറി താഴേക്ക് വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഭീമാകാരമായ ഗർഡർ പതിച്ചത്.

ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും, ഗർഡർ ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന വേളയിൽ അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എം.എൽ.എ. വ്യക്തമാക്കി.

രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. പൊലീസും ഫയർഫോഴ്‌സും വേഗത്തിലെത്തിയിട്ടും, വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുക്കാനായത്. ഗർഡർ താഴേക്ക് പതിക്കുന്നത് ഇത് ആദ്യമായല്ലെന്നും, ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ സമയത്തും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

അപകട സ്ഥലത്ത് നിർമ്മാണ സാമഗ്രികൾ കൂടിക്കിടന്നത് രക്ഷാപ്രവർത്തനത്തെ വൈകിപ്പിച്ചു. പുലർച്ചെ 6:30-ന് മാത്രമാണ് ഗർഡറുകൾ ഉയർത്തി മാറ്റാനായതും പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായതും. 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകളാണ് താഴേക്ക് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്ന പണിക്കാരുടെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.