Leading News Portal in Kerala

വെട്ടുകാട് തിരുനാള്‍; തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ‌അവധി| Vettukadu Feast Half-Day Holiday Declared for Thiruvananthapuram and Neyyattinkara Taluks on Friday | Kerala


Last Updated:

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു.

വെള്ളിക്കൽ വൈകിട്ട് 4.30നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസ് മുഖ്യകാർമികനാകും. തുടർന്ന് ഇടവക വികാരി ഡോ. വൈ എം എഡിസൺ തിരുനാളിനു കൊടിയേറ്റും. ഇടവകയുടെ നേതൃത്വത്തിൽ നിർമിച്ച നാലു വീടുകളുടെ താക്കോലുകൾ കൊടിയേറ്റച്ചടങ്ങിൽ സഹായമെത്രാൻ കൈമാറും.

21 ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. സെൽവരാജൻ ദാസന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുണ്ടാകും. 22 ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽനിന്ന് കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് പള്ളി, കൊച്ചുവേളി സെന്റ് ജോസഫ്സ് പള്ളി എന്നിവിടങ്ങളിലേക്ക് ക്രിസ്തുരാജത്വ തിരൂസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

തിരുനാളിന് സമാപനംകുറിച്ചുകൊണ്ട് 23ന് വൈകിട്ട് 5.30ന് പള്ളിയങ്കണത്തിൽ നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ നിന്നുമെത്തുന്ന സെസ്‌ന വിമാനത്തിൽനിന്ന് പുഷ്പവൃഷ്ടിയും നടത്തും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ഇടവക വികാരി കൊടിയിറക്ക് ചടങ്ങ്‌ നടത്തും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വെട്ടുകാട് തിരുനാള്‍; തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ‌അവധി