Leading News Portal in Kerala

എംവിഡി ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് ഫോൺ ഹാക്ക് ചെയ്ത് 10 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ | Woman arrested for impersonating RTO defrauding a man of Rs 9.9 Lakhs via fake messages | Crime


Last Updated:

മൂന്ന് തവണകളായാണ് പണം കൈമാറ്റം ചെയ്തത്

അറസ്റ്റിലായ ലക്ഷ്മി
അറസ്റ്റിലായ ലക്ഷ്മി

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ (MVD) പേരിൽ വ്യാജസന്ദേശം അയച്ച് കൊടുങ്ങല്ലൂർ സ്വദേശിയിൽനിന്ന് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി (23) യെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല കോട്ടപ്പുറം സ്വദേശിയും നിർമാണക്കരാറുകാരനുമായ തോമസ് ലാലൻ്റെ ഫോൺ ഹാക്ക് ചെയ്താണ് പണം തട്ടിയത്.

സെപ്റ്റംബർ 29-ന് തോമസ് ലാലൻ ബാങ്കിലെത്തിയപ്പോഴാണ് തൻ്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് തവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, തോമസ് ലാലൻ്റെ ഫോണിൽ ‘ആർടിഒ ചലാൻ’ എന്ന പേരിലുള്ള ഒരു എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി റൂറൽ സൈബർ പൊലീസ് കണ്ടെത്തി.

ഇതുവഴിയാണ് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയതെന്നാണ് നിഗമനം. ജില്ലാ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പണം പോയത് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. ഹരിയാനയിൽ നടത്തിയ അന്വേഷണത്തിൽ ഈ അക്കൗണ്ട് വ്യാജവിലാസത്തിൽ തുടങ്ങിയതാണെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമയായ ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. സൈബർ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ സുജിത്ത്, സിപിഒ സച്ചിൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്‌ഐ മനു, തോമസ്, അസ്മാബി, സിപിഒ ജിഷാ ജോയ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.