Leading News Portal in Kerala

നാണക്കേടല്ലേ ? പ്രമുഖ പാകിസ്ഥാന്‍ പത്രത്തിൽ ലേഖനം ചാറ്റ് ജിപിടി ഉപയോഗിച്ച് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട് | Pakistani newspaper publishes ChatGPT prompt in business report | World


Last Updated:

പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ പത്രങ്ങളിലൊന്നാണ് ഡോണ്‍

News18
News18

പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡോണ്‍ ലേഖനങ്ങള്‍ തയ്യാറാക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി വിമര്‍ശനം. വാര്‍ത്താക്കുറിപ്പുകള്‍ എഡിറ്റ് ചെയ്യാനും എഴുതാനും ചാറ്റ് ജിപിടി പോലുള്ള എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിച്ചാണ് പത്രത്തിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ 12-ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച ബിസിനസ് റിപ്പോര്‍ട്ടുകളിലൊന്നില്‍ അബദ്ധത്തില്‍ എഐ ജനറേറ്റഡ് പ്രോംറ്റ് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

ഒക്‌ടോബറിലെ വാഹന വില്‍പ്പന വര്‍ദ്ധിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് പിശക് പ്രത്യക്ഷപ്പെട്ടത്. ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ എഐ ജനറേറ്റഡ് പ്രോംറ്റ് കൂടി ഉണ്ടായിരുന്നു. “പഞ്ചി ആയിട്ടുള്ള വണ്‍-ലൈന്‍ സ്ഥിതിവിവരകണക്കുകളും വായനക്കാരില്‍ സ്വാധീനം ചെലുത്താന്‍ അനുയോജ്യമായ  ഒരു ബോള്‍ഡ്, ഇന്‍ഫോഗ്രാഫിക് റെഡി ലേഔട്ടും ഉള്ള മികച്ച ഫ്രണ്ട് പേജ് സ്റ്റൈല്‍ പതിപ്പ് വേണമെങ്കില്‍ എനിക്ക് തയ്യാറാക്കി താരാനാകും. അത് ചെയ്ത് തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?”, എന്നതായിരുന്നു ലേഖനത്തിന്റെ അവസാന ഭാഗം.

ഈ ഖണ്ഡികയാണ് പത്രം എഐ ടൂള്‍ ഉപയോഗിച്ചാണ് ലേഖനം തയ്യാറാക്കുന്നതെന്ന വിമര്‍ശനത്തിന് കാരണമായത്. പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ പത്രങ്ങളിലൊന്നാണ് ഡോണ്‍. അതുകൊണ്ടുതന്നെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഉപയോക്താക്കളില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ നേതൃത്വം തന്നെ സംഭവത്തിൽ ചോദ്യം ചെയ്യപ്പെട്ടു.

നവംബര്‍ 12-ലെ ഡോണ്‍ പത്രത്തില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചതായുള്ള ഒരു ലേഖനം ശ്രദ്ധയില്‍പ്പെട്ടതായും അച്ചടി മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ഡോണ്‍ പോലുള്ള ഒരു പ്രമുഖ പത്രത്തിന് ഇത് നാണക്കേടാണെന്നും ഒരു ഉപയോക്താവ് പോസ്റ്റ് പങ്കിട്ടുകൊണ്ട് റെഡ്ഡിറ്റില്‍ കുറിച്ചു.

എഐ സൃഷ്ടിച്ച ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് മാധ്യമങ്ങളുടെ ധാര്‍മ്മികതയെ കുറിച്ച് പ്രസംഗിക്കുന്നത് സങ്കല്‍പ്പിക്കുക. ചാറ്റ് ജിപിടി ഉള്ളടക്കം ഉപയോഗിച്ച് ഡോണ്‍ പത്രം ചെയ്തത് അതാണെന്നും മുഖംമൂടി അഴിഞ്ഞുവീണെന്നും കാപട്യം വ്യക്തമായെന്നും ഒരു ഉപയോക്താവ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/

നാണക്കേടല്ലേ ? പ്രമുഖ പാക്കിസ്ഥാന്‍ പത്രത്തിൽ ലേഖനം ചാറ്റ് ജിപിടി ഉപയോഗിച്ച് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്