‘ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ’: എം.എം ഹസൻ | M.M. Hassan strongly criticized Shashi Tharoor | Kerala
Last Updated:
നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും എം.എം ഹസൻ പറഞ്ഞു
തിരുവനന്തപുരം: ശശി തരൂർ എം.പിക്ക് എതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്ത്. തരൂർ തലമറന്ന് എണ്ണ തേക്കുകയാണെന്നും, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിയണമെന്നും ഹസൻ ആവശ്യപ്പെട്ടു.
നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പി. നേതാവായ എൽ.കെ. അദ്വാനിയെ പുകഴ്ത്താൻ വേണ്ടി തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെയും ഇന്ദിരയെയുമാണ്. ഇത് തനിക്ക് ഏറ്റവും കൂടുതൽ അമർഷമുണ്ടാക്കി. മറ്റ് കുടുംബങ്ങളെ പോലെയാണോ നെഹ്‌റു കുടുംബം? ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങൾക്കുവേണ്ടി ഒരുതുള്ളി വിയർപ്പ് പോലും തരൂർ പൊഴിച്ചിട്ടില്ല. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി. സത്യത്തിൽ തലമറന്ന് എണ്ണ തേക്കുന്ന പ്രവർത്തിയാണ് തരൂരിൽ നിന്നുണ്ടായതെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.
കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന തലക്കെട്ടിൽ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെ അടക്കം പേരെടുത്ത് വിമർശിച്ച് ശശി തരൂർ രംഗത്തെത്തിയത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എൽ.കെ അദ്വാനിയെ പുകഴ്ത്തിക്കൊണ്ടും തരൂർ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് എം.എം ഹസൻ തരൂരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
Thiruvananthapuram,Kerala
November 14, 2025 3:01 PM IST
