‘കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; സഖ്യകക്ഷികൾക്ക് ബാധ്യത’; പ്രധാനമന്ത്രി മോദി Congress is now Muslim League Maoist Congress says PM Modi | India
Last Updated:
വർദ്ധിച്ചുവരുന്ന ആഭ്യന്തര അസംതൃപ്തി കാരണം കോൺഗ്രസ് ഉടൻ പിളരുമെന്നും മോദി
കോൺഗ്രസ് ഇപ്പോൾ എംഎംസി – മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുന്നുവെന്നും സഖ്യകക്ഷികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എൻഡിഎയുടെ ഉജ്ജ്വല വിജയത്തിന് ശേഷം ഡൽഹിയിലെ ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ന് ശേഷം ആറ് സംസ്ഥാനങ്ങളിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വർദ്ധിച്ചുവരുന്ന ആഭ്യന്തര അസംതൃപ്തി കാരണം കോൺഗ്രസ് ഉടൻ പിളരുമെന്നും മോദി പറഞ്ഞു.
“ഇന്ന് കോൺഗ്രസ് എംഎംസി – മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുന്നു. ഇപ്പോൾ കോൺഗ്രസിന്റെ മുഴുവൻ അജണ്ടയും ഇതിനെ ചുറ്റിപ്പറ്റിയാണ്. അതിനാൽ, കോൺഗ്രസിനുള്ളിൽ, ഈ നെഗറ്റീവ് രാഷ്ട്രീയത്തിൽ അസ്വസ്ഥതയുള്ള ഒരു പ്രത്യേക വിഭാഗം ഉയർന്നുവരുന്നു. കോൺഗ്രസിൽ മറ്റൊരു വലിയ പിളർപ്പ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു,”- അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നയങ്ങളിൽ വ്യാപകമായ ആഭ്യന്തര അസംതൃപ്തി കോൺഗ്രസിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പാർട്ടിയെ ഒരു രാഷ്ട്രീയ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പൂർണമായും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് പറയുന്നതെന്നും, രാജ്യത്തെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടില്ലെന്നും, രാജ്യത്തിന്റെ ശത്രുക്കളുടെ അജണ്ട പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോൺഗ്രസിന്റെ സഖ്യകക്ഷികൾ പോലും കോൺഗ്രസ് എല്ലാവരെയും അതിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിൽ മുക്കുകയാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോൺഗ്രസ് ഒരു ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് ഈ ഘട്ടത്തിൽ തന്നെ ഞാൻ കോൺഗ്രസിന്റെ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. സഖ്യകക്ഷികളുടെ വോട്ട് ബാങ്കുകൾ വിഴുങ്ങി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഒരു പരാദ പാർട്ടിയാണിത്. അതുകൊണ്ടാണ് അവരുടെ പങ്കാളികൾ പോലും കോൺഗ്രസിനെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്,” മോദി പറഞ്ഞു.
ഗംച വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്തേക്ക് എത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അദ്ദേഹത്തെ സ്വീകരിച്ചു. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.
New Delhi,Delhi
November 14, 2025 9:55 PM IST
