Leading News Portal in Kerala

ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികത്തിന് പണ്ഡിത സമ്മേളനത്തോടെ തുടക്കം Jamiatul Ulamas 100th anniversary begins with scholarly conference | Kerala


Last Updated:

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർക്ക് വേണ്ടിയാണ് സമ്മേളനം ഒരുക്കിയത്

കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ പണ്ഡിത സമ്മേളനം പ്രൊഫസർ മദ്ഹർ അലി അൽ മദീനി ഉദ്ഘാടനം ചെയ്യുന്നു
കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ പണ്ഡിത സമ്മേളനം പ്രൊഫസർ മദ്ഹർ അലി അൽ മദീനി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിലെ ആദ്യ പണ്ഡിതസഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് ദേശീയ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കടപ്പുറത്ത് വച്ച് നടക്കുന്ന ബഹുജന സമ്മേളനത്തോടുകൂടിയാണ് നൂറാം വാർഷിക പരിപാടികൾ സമാപിക്കുന്നത്.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർക്ക് വേണ്ടിയാണ് പണ്ഡിത സമ്മേളനം ഒരുക്കിയത്. മതം ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണതകൾക്കെതിരെ പണ്ഡിതന്‍മാരെവൈജ്ഞാനികമായി ഉണർത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് ദേശീയ പണ്ഡിത സമ്മേളനം ഒരുക്കിയത്. ഇസ്‍ലാം വിരോധികൾ മതപ്രമാണങ്ങളെ അപഹസിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്‌ലാമിന്റെ ശരിയായ നിലപാടുകൾ സമൂഹത്തിൽ ഉറക്കെ പറയുവാൻ പണ്ഡിതരെ പ്രാപ്തമാക്കേണ്ടതുണ്ടെന്ന് ദേശീയ പണ്ഡിത സമ്മേളനം ഓർമിപ്പിച്ചു.ജാമിഅ ഇസ്‌ലാമിയ്യ ബനാറസ് പ്രൊഫസർ മദ്ഹർ അലി അൽ മദീനി ദേശീയ പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ വൈജ്ഞാനികമായി കരുത്താർജിക്കണമെന്ന് പണ്ഡിത സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ ആരാധനാസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും നിരാകരിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം വിശ്വാസം ശരിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്ന ഓർമ്മയോടെ യായിരിക്കണം ഒരു ബഹുസ്വര സമൂഹത്തിൽ പ്രബോധന പ്രവർത്തനങ്ങൾ നിർവഹിക്കാനെന്നും അദ്ദേഹം പറഞ്ഞു.പണ്ഡിതർ സമൂഹത്തിൽ സമാധാനവും സ്വസ്ഥതയും നിലനിർത്തുന്നതിന് വേണ്ടി പരിശ്രമിക്കണം.സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന വാക്കുകളോ പ്രവർത്തികളോ പണ്ഡിതന്മാരിൽ നിന്നുണ്ടാവരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.മനസ്സിലാക്കിയ സത്യം വളച്ചു കെട്ടില്ലാതെ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.മതത്തെ ആഴത്തിൽ മനസ്സിലാക്കാത്തവരാണ് മതദുർവ്യാഖ്യാനം നടത്തി അവിവേകം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പി പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആമുഖഭാഷണം നടത്തി.കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി,ഈസ മദനി,കെ എം ഫൈസി,അബ്ദുൽ അസീസ് മദീനി,നസീറുദ്ദീൻ റഹ്മാനി ,എം. മുഹ് യിദ്ധീൻ നദ്‌വി,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,എൻ വി സക്കരിയ ,ഡോ മുഹമ്മദ് അലി അൻസാരി,സി മുഹമ്മദ് സലീം സുല്ലമി,എം ടി അബ്ദുസമദ് സുല്ലമി,അബ്ദുറഹ്മാൻ മദീനിപാലത്ത് അബ്ദുറഹ്മാൻ,ഡോ മുനീർ മദനി,ശുക്കൂർ സ്വലാഹി,അഹ്മദ് അനസ് മൗലവി,സഅദുദ്ധീൻ സ്വലാഹി എന്നിവർ പ്രസംഗിച്ചു.