ഫുട്ബോൾ കളിക്കിടെ തർക്കം; മതപഠന വിദ്യാർത്ഥിയായ 18 കാരനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കുത്തിക്കൊന്നു|18 year old stabbed to death after altercation football match in thiruvananthapuram | Crime
Last Updated:
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകലാണ് കൊലപാതകം നടന്നത്
തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ 18 കാരൻ കുത്തേറ്റു മരിച്ചു. തമ്പാനൂർ അരിസ്റ്റോ തോപ്പിൽ ഡി 47ൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ (18) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ മതപഠന വിദ്യാർത്ഥിയാണ്.
തിരുവനന്തപുരം നഗരത്തിലെ തൈക്കാട് എംജി രാധാകൃഷ്‌ണൻ റോഡിൽ തിങ്കളാഴ്ച വൈകിട്ട് 5ന് ആണു സംഭവം. കേസിൽ മുഖ്യപ്രതിയായ കാപ്പാ ലിസ്റ്റിൽ പെട്ട ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് തൈക്കാട് ഗ്രൗണ്ടിന് സമീപം സംഘർഷം ഉണ്ടായത്. ഒരു മാസം മുൻപ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. തൈക്കാട് മോഡൽ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു രാജാജി നഗർ, ജഗതി ക്ലബ്ബുകൾ തമ്മിലുള്ള മത്സരം. തർക്കത്തെത്തുടർന്ന് പല ദിവസങ്ങളിലും സംഘർഷമുണ്ടായിരുന്നു. തൈക്കാട് ശാസ്താക്ഷേത്രത്തിനു മുന്നിൽ കഴിഞ്ഞയാഴ്ചയും സംഘർഷമുണ്ടായി. 18 വയസ്സിൽ താഴെയുള്ളവരായിരുന്നു കളിക്കാരിലേറെയും തർക്കം മൂത്തതോടെ ഇരു വിഭാഗങ്ങളും തങ്ങളുടെ പ്രദേശത്തുള്ള മുതിർന്നവരുടെ സഹായം തേടി. ഇക്കൂട്ടത്തിൽ ക്രിമിനിൽ ലിസ്റ്റിൽപെട്ടയാളുമുണ്ടായിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഇന്നലെ ഒത്തുകൂടിയ സംഘങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി.
ഇതിനിടെയാണ്, രാജാജി നഗർ ഫുട്‌ബോൾ ക്ലബ്ബിലെ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അലന് കുത്തേറ്റത്. ഹെൽമെറ്റ് ഉപയോഗിച്ച് അലന്റെ തലയ്ക്ക് ശക്തമായി ഇടിച്ച ശേഷം കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് സാക്ഷി മൊഴികളിൽ പറയുന്നു. ഇടതു നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ അലനെ സുഹൃത്തുക്കൾ ചേർന്ന് ബൈക്കിലാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസ് എത്തിച്ചെങ്കിലും വാഹനത്തിലേക്കു കയറ്റും മുൻപ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ രാത്രി തന്നെ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ കാപ്പ കേസിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചത്. കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം അലന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 18, 2025 8:23 AM IST
ഫുട്ബോൾ കളിക്കിടെ തർക്കം; മതപഠന വിദ്യാർത്ഥിയായ 18 കാരനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കുത്തിക്കൊന്നു
