Leading News Portal in Kerala

ഒമ്പതുകാരന്റെ മരണ വിവരം അറിയിച്ചുള്ള പോസ്റ്റിനടിയിൽ അശ്ലീല കമന്റിട്ട കൊല്ലം സ്വദേശി അറസ്റ്റിൽ|obscene comment on dead childs funeral post kollam native arrested | Crime


Last Updated:

മരിച്ച കുട്ടിയെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ധ വളർത്തുന്നതാണ് പ്രതി ഫേസ്ബുക്കിൽ ഇട്ട കമന്റ് എന്ന് പോലീസ് പറഞ്ഞു

News18
News18

പുന്നപ്ര: സൈക്കിൾ അപകടത്തിൽ മരിച്ച ഒമ്പത് വയസുകാരന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനടിയിൽ അശ്ലീലവും വിദ്വേഷപരവുമായ കമന്റിട്ട യുവാവിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശിയായ ആകാശ് ശശിധരനാണ് പിടിയിലായത്.

ഒക്ടോബർ മൂന്നിനാണ് ആലപ്പുഴ പുന്നപ്രയിൽ വച്ച് സൈക്കിളിൽ കാറിടിച്ച് ഒമ്പത് വയസുകാരൻ മുഹമ്മദ് സഹിൽ മരിച്ചത്. വിദേശത്തായിരുന്ന പിതാവ് അബ്ദുൽ സലാമിന് യാത്രാ സംബന്ധമായ തടസ്സങ്ങൾ കാരണം മകനെ അവസാനമായി ഒരു നോക്ക് കാണാനോ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വേദനയോടെ നാട്ടിലെത്തിയ അബ്ദുൽ സലാം മകന്റെ മരണവിവരം പങ്കുവെച്ച സുഹൃത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനടിയിൽ മകനെ അപമാനിച്ചുകൊണ്ടുള്ള അശ്ലീല കമന്റ് കാണുകയായിരുന്നു.

തുടർന്ന് അബ്ദുൽ സലാം പുന്നപ്ര പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശിയായ ആകാശ് ശശിധരനാണ് കമന്റിട്ടതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ധ വളർത്തുന്നതാണ് പ്രതി ഫേസ്ബുക്കിൽ ഇട്ട കമന്റ് എന്ന് പോലീസ് വിശദീകരിച്ചു. സൈബർ പോലീസ് പിടികൂടിയ പ്രതിയെ തുടർനടപടികൾക്കായി പുന്നപ്ര പോലീസിന് കൈമാറി. സൈബർ ഇടങ്ങളിൽ മരിച്ച കുട്ടികൾക്കെതിരെ പോലും നടക്കുന്ന ഇത്തരം ആക്രമണങ്ങൾ പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.