ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ | Three individuals including a woman have been arrested by Marad Police for a violent bar attack | Crime
Last Updated:
അക്രമികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം
കൊച്ചി: വൈറ്റിലയിലെ ഒരു ബാറിൽ മാരകായുധങ്ങളുമായി അതിക്രമം നടത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയടക്കം മൂന്ന് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് പിടിയിലായത്.
അക്രമത്തിന് ഉപയോഗിച്ച വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കുകയായിരുന്ന അഞ്ചംഗ സംഘം അവിടെയെത്തിയ മറ്റൊരു വ്യക്തിയുമായി തർക്കത്തിലേർപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ ബാർ ജീവനക്കാരുമായി സംഘം വാക്കേറ്റമുണ്ടാക്കി.
തർക്കത്തിനൊടുവിൽ പുറത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും അൽപ്പസമയത്തിനകം വടിവാളുമായി തിരികെയെത്തി ആക്രമണം ആരംഭിക്കുകയായിരുന്നു. കാറിൽ നിന്ന് സംഘം വടിവാളെടുത്ത് ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ ബാർ ജീവനക്കാർക്ക് മർദനമേറ്റു. ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണയോളം പ്രതികൾ മടങ്ങി വന്ന് ആക്രമണം ആവർത്തിച്ചെന്ന് ബാർ ഉടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ സംഘർഷത്തിനിടെ യുവതിയുടെ കൈക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അക്രമികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
Kochi [Cochin],Ernakulam,Kerala
November 18, 2025 3:52 PM IST
