Leading News Portal in Kerala

രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളായി അമേരിക്കയിലെ ടെക്സസ് പ്രഖ്യാപിച്ചു | Two Muslim outfits declared terrorists organisations in Texas | World


Last Updated:

ടെക്‌സസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്നും ഏറ്റെടുക്കുന്നതില്‍ നിന്നും ഈ സംഘടനകളെ വിലക്കി

ഗ്രെഗ് അബോട്ട് (Pic: AFP)
ഗ്രെഗ് അബോട്ട് (Pic: AFP)

അമേരിക്കയിലെ ടെക്‌സസില്‍ (Texas) രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ പെടുത്തി. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പൗരാവകാശ സംഘടനകളിലൊന്നായ സിഎഐആറും (CAIR) ലോകമെമ്പാടുമുള്ള മുസ്ലീം ബ്രദര്‍ഹുഡിനെയുമാണ് (Muslim Brotherhood) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

“ഇന്ന് ഞാന്‍ മുസ്ലീം ബ്രദര്‍ഹുഡിനെയും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിനെയും വിദേശ തീവ്രവാദ സംഘടനകളായും രാജ്യാന്തര ക്രിമിനല്‍ സംഘടനകളായും പ്രഖ്യാപിക്കുന്നു”, ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ടെക്‌സസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്നും ഏറ്റെടുക്കുന്നതില്‍ നിന്നും ഈ സംഘടനകളെ വിലക്കിയതായും ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരം നല്‍കിയതായും ഗവര്‍ണര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

മുസ്ലീം ജനസംഖ്യ അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്. ലോക ജനസംഖ്യ റിവ്യു സ്ഥിതിവിവരകണക്കുകള്‍ പ്രകാരം 2025-ല്‍ 3,13,000 മുസ്ലിങ്ങളാണ് ടെക്‌സസില്‍ ഉള്ളത്.

അമേരിക്കയില്‍ ഉടനീളം 30 ഓഫീസുകളാണ് ഇസ്ലാമിക് പൗരാവകാശ സംഘടനയായ സിഎഐആറിനുള്ളത്. 1990-കളുടെ പകുതി മുതല്‍ അമേരിക്കയിലെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന സംഘടനയാണിത്. ഗാസ സംഘര്‍ഷത്തില്‍ യുഎസ് സര്‍ക്കാരിന്റെ നയത്തെ സംഘടന ശക്തമായി വിമര്‍ശിച്ചിരുന്നു.

സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച അബോട്ടിന്റെ തീരുമാനത്തെയും സിഎഐആര്‍ വിമര്‍ശിച്ചു. ഇസ്രായേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അമേരിക്കയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാന്‍ മാസങ്ങളോളം മുസ്ലീം വിരുദ്ധത അബോട്ട് പ്രചരിപ്പിച്ചിരുന്നതായും സംഘടന ആരോപിച്ചു.

ഗാസ സംഘര്‍ഷത്തില്‍ ജൂത രാഷ്ട്രത്തോടുള്ള തന്റെ പിന്തുണ അബോട്ട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനകത്ത് നടന്ന പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രകടനങ്ങളെ ജൂത വിരുദ്ധതയായി അദ്ദേഹം മുദ്രകുത്തുകയും ചെയ്തു.

സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുന്നത് സാധാരണയായി ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക അവകാശമാണ്. സംസ്ഥാനങ്ങള്‍ക്ക് ഇതിനുള്ള അവകാശമില്ല. എന്നാല്‍ 2024 സെപ്റ്റംബറില്‍ ട്രെന്‍ ഡി അരഗ്വ എന്ന ക്രിമിനല്‍ സംഘത്തെ അബോട്ട് അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതുതന്നെ ചെയ്തു.

ഈ വര്‍ഷം സെപ്റ്റംബറില്‍ കെട്ടിട നിര്‍മ്മാണ പദ്ധതികളെ ഇസ്ലാമിക നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് കോംപ്ലക്‌സുകളായി മാറ്റുന്നത് വിലക്കി ടെക്‌സസ് സ്റ്റേറ്റ് നിയമം അബോട്ട് നടപ്പാക്കിയിരുന്നു.