Leading News Portal in Kerala

‘സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം’; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് Sindh may become part of India again borders may change says Defence Minister Rajnath Singh | India


Last Updated:

1947-ലെ വിഭജനത്തിനുശേഷമാണ് സിന്ധ് പ്രവിശ്യ പാകിസ്ഥാന്റെ ഭാഗമായത്

News18
News18

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.തുടർന്ന് സിന്ധി സമൂഹത്തിൽ നിന്നുള്ള ആളുകൾ ഇന്ത്യയിലേക്ക് വന്നു. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായാണ് സിന്ധ് പ്രവിശ്യ ഇന്ത്യയുമായുള്ള അതിർത്തി പങ്കിടുന്നത്.

സിന്ധു നദിയെ ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്നതിനാൽ, സിന്ധിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നത് തന്റെ തലമുറയിലെ സിന്ധി ഹിന്ദുക്കൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന മുൻ ആഭ്യന്തരമന്ത്രി എൽ കെ അദ്വാനിയുടെ വാക്കുകളും രാജ്നാഥ് സിംഗ് പ്രസംഗത്തിൽ ഉദ്ധരിച്ചു.

സിന്ധിലെ പല മുസ്ലീങ്ങളും സിന്ധു നദിയിലെ ജലം മക്കയിലെ ആബ്-ഇ-സംസത്തോളം തന്നെ പവിത്രമാണെന്ന് വിശ്വസിച്ചിരുന്നു എന്ന അദ്വാനിയുടെ വാക്കുകളെ ഓർത്തെടുത്ത രാജ്നാഥ് സിംഗ്, സാസ്കാരികമായി സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും പറഞ്ഞു.

“ഭൂമിയുടെ കാര്യത്തിൽ, അതിർത്തികൾ മാറിയേക്കാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന സിന്ധിലെ ജനങ്ങൾ എപ്പോഴും നമ്മുടേതായിരിക്കും. അവർ എവിടെയായിരുന്നാലും, അവർ എപ്പോഴും നമ്മുടേതായിരിക്കും,” മന്ത്രി കൂട്ടിച്ചേർത്തു.

വിഭജനത്തിനുശേഷം സിന്ധികൾക്ക് എല്ലാം പുതുതായി തുടങ്ങേണ്ടിവന്നു, പക്ഷേ അവരുടെ കഠിനാധ്വാനത്തിലൂടെയും ധൈര്യത്തിലൂടെയും വിജയത്തിന്റെ പുതിയ മാനങ്ങൾ സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിലും അവർ ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഇന്ത്യയുമായി തിരികെ ലയിക്കുന്നതിനായി മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ടെന്നും , പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന പ്രദേശം ആക്രമണാത്മക നടപടികളൊന്നും കൂടാതെ തന്നെ ഇന്ത്യയുമായി ലയിക്കുമെന്നും സെപ്റ്റംബർ 22 ന് മൊറോക്കോയിലെ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.