ജന്മദിനാഘോഷത്തിന് ഫോൺ പണയം വച്ചു, തിരിച്ചെടുക്കാൻ റെയിലുകള്‍ മോഷ്ടിച്ച 2 പേര്‍ കൊല്ലത്ത് പിടിയില്‍|2 arrested in kollam for stealing railway rails to redeem phone pledged for birthday celebration | Crime
Last Updated:
റെയില്‍വേ ഭൂമിയില്‍ കിടന്ന റെയിലുകളാണ് പ്രതികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽക്കാൻ ശ്രമിച്ചത്
പുനലൂർ: റെയിൽവേയുടെ സാധനസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പോലീസും ചേർന്ന് പിടികൂടി. ആവണീശ്വരം കിഴക്കേ പ്ലാക്കാട്ട് വീട്ടിൽ അനന്തു (24), വി.എസ്. ഹൗസിൽ ഷോബിൻ (41) എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേയുടെ സാധനങ്ങൾ മോഷണം പോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുനലൂരിലെ ആക്രിക്കടകളിൽ റെയിൽവേയുടെ സാധനങ്ങൾ വിൽക്കുവാനായി രണ്ടുപേർ എത്തിയതായി വിവരം ലഭിച്ചു . ആർ.പി.എഫിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റും റെയിൽവേ പോലീസും ഇവരെ പിന്തുടർന്നെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണ വസ്തുക്കൾ പ്രതികളുടെ കൈയിൽ നിന്നും പോലീസ് കണ്ടെടുത്തു.
പ്രതികളിൽ ഒരാളായ അനന്തുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ പണയം വെച്ചിരുന്നെന്നും ഇത് വീണ്ടെടുക്കുന്നതിന് റെയില്‍വേ ഭൂമിയില്‍ കിടന്ന റെയിലുകള്‍ കഴിഞ്ഞ 19-ന് ഇയാളുടെ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും എസ്എച്ച്ഒ ജി. ശ്രീകുമാര്‍ പറഞ്ഞു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷോബിൻ സഹായിയായി ഒപ്പം ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയതിന് ശേഷം മോഷണം പോയത് റെയിൽവേയുടെ വസ്തുക്കളായതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കും തുടർനടപടികൾക്കുമായി റെയിൽവേ പോലീസ് പ്രതികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പുനലൂർ യൂണിറ്റിന് കൈമാറി.
Kollam,Kollam,Kerala
November 24, 2025 9:27 AM IST
ജന്മദിനാഘോഷത്തിന് ഫോൺ പണയം വച്ചു, തിരിച്ചെടുക്കാൻ റെയിലുകള്‍ മോഷ്ടിച്ച 2 പേര്‍ കൊല്ലത്ത് പിടിയില്‍
