കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഡിഎംകെയെയും സ്റ്റാലിനേയും കടന്നാക്രമിച്ച് വിജയ് Vijay attacks DMK and Stalin in first meeting after Karur tragedy | India
തുറസ്സായ സ്ഥലം ഒഴിവാക്കി കാഞ്ചീപുരത്തെ ഒരു സ്വകാര്യ കോളേജിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സാംസാരിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ഡിഎംകെയുടെ സ്ഥാപകനായ സി.എന്‍. അണ്ണാദുരൈയുടെ തത്വങ്ങള്‍ ഉപേക്ഷിച്ച് അതിന്റെ പ്രത്യയശാസ്ത്രം കൊള്ളയടിച്ചതായി അദ്ദേഹം ആരോപിച്ചു.
കരൂര്‍ ദുരന്തത്തിന് ശേഷം ജാഗ്രത നിലനിൽക്കുന്നതിനാൽ കൃത്യമായി ആസൂത്രണം ചെയ്ത ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ടിവികെ യോഗം സംഘടിപ്പിച്ചത്. ”അവര്‍ കള്ളം പറഞ്ഞ് നമ്മളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു, അധികാരം പിടിച്ചെടുത്തു. ഇപ്പോള്‍ നല്ലത് ചെയ്യുന്നത് പോലെ അഭിനയിക്കുന്നു. വലിയ നാടകം കളിക്കുന്നു. നമുക്ക് അവരെ എങ്ങനെ ഒഴിവാക്കാനാകും. നമ്മള് അവരെ വെറുതെ വിടില്ല, അവരെ ചോദ്യം ചെയ്യും,” വിജയ് പറഞ്ഞു.
ദ്രാവിഡര്‍ കഴകത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ഡിഎംകെയ്ക്ക് ജന്മം നല്കിയ പ്രിയപ്പെട്ട അണ്ണാദുരൈയുടെ ജന്മസ്ഥലമാണ് കാഞ്ചീപുരം എന്ന് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു. എംജിആര്‍ തന്റെ പാര്‍ട്ടി സ്ഥാപിച്ചപ്പോള്‍ പാര്‍ട്ടി പതാകയില്‍ അണ്ണയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അണ്ണ സ്ഥാപിച്ച പാര്‍ട്ടി നിയന്തിക്കുന്നവര്‍ക്ക് തങ്ങളുടെ തെറ്റുകളെക്കുറിച്ച് എന്തറിയാം? എന്നാല്‍ ജനങ്ങള്‍ക്ക് അതറിയാം”, വിജയ് പറഞ്ഞു.
ഡിഎംകെയുമായുള്ള മത്സരം വ്യക്തിപരമല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ”അവര്‍ക്ക് നമ്മളോട് പകയുണ്ടാകാം. എന്നാല്‍ നമ്മള് അവരെ വെറുക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. ”നമ്മള് നമ്മുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത് പറണ്ടൂരിലാണ്. അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടി. ഒരു ദുരന്തത്തിന് ശേഷം നമ്മള് വീണ്ടും കാഞ്ചീപുരത്ത് തുടങ്ങുകയാണ്, വിജയ് വ്യക്തമാക്കി.
നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തെ എതിര്‍ക്കുകയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് വിജയ് കഴിഞ്ഞവര്‍ഷം പറണ്ടൂരിലാണ് തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയ്ക്ക് പ്രത്യയശാസ്ത്രപരമായി എന്തെങ്കിലും അടിത്തറയുണ്ടോയെന്ന് ഡിഎംകെ നേതാക്കള്‍ അടുത്തിടെ പരസ്യമായി ചോദിച്ചിരുന്നു. ഇതിലൂന്നിയാണ് വിജയ് ഞായറാഴ്ച കാഞ്ചീപുരത്ത് പ്രസംഗിച്ചത്. ”ഒരു കിലോഗ്രാം പ്രത്യയശാസ്ത്രത്തിന് എത്ര വിലയുണ്ടെന്ന് ചോദിച്ച പാര്‍ട്ടി നമുക്ക് പ്രത്യയശാസ്ത്രമുണ്ടോയെന്ന് ചോദിക്കുകയാണ്. ഡിഎംകെയ്ക്ക് തത്ത്വങ്ങള്‍ കൊള്ളയായി മാറിയിരിക്കുകയാണ്,” വിജയ് ആരോപിച്ചു.
തന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ പ്രകടമാക്കുന്ന കാരണങ്ങള്‍ അദ്ദേഹം വിവരിച്ചു. ഔദ്യോഗികമായി ടിവികെ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൗരത്വ ഭേഗഗതി നിയമത്തെ എതിര്‍ക്കുകയും ജാതി സെന്‍സസ് ആവശ്യപ്പെടുകയും ചെയ്തു. വഖഫ് നിയമത്തിലെ ഭേദഗതികള്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചു, വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പരിധിയിലാക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
”പല പാര്‍ട്ടികള്‍ക്കും മുമ്പ് തന്നെ ഞങ്ങള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും നമുക്ക് ഒരു പ്രത്യയശാസ്ത്രവുമില്ലെന്ന് അവര്‍ പറയുന്നു. അവര്‍ പ്രത്യയശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കരാണോ?”, വിജയ് ചോദിച്ചു.
ഡിഎംകെയെ കൊള്ളക്കാരുടെ ഒരു സിന്‍ഡിക്കേറ്റിനോട് അദ്ദേഹം താരതമ്യം ചെയ്തു. സാധാരണക്കാരെക്കുറിച്ച് ചിന്തിക്കാന്‍ ഡിഎംകെയ്ക്ക് സമയമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പാലാര്‍ നദിക്കരയിലെ അനധികൃത മണല്‍ ഖനനം തമിഴ്നാടിന് 4,730 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും കാഞ്ചീപുരത്തെ പ്രശസ്തരായ നെയ്ത്തുകാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കാത്തിരിക്കുമ്പോഴും ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരികയാണെന്നും അദ്ദേഹം ആരോപിച്ചു. പറണ്ടൂര്‍ വിമാനത്താവളത്തോടുള്ള ടി.വി.കെയുടെ എതിര്‍പ്പ് അദ്ദേഹം ആവര്‍ത്തിച്ചു. ”ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നില്ക്കും’ എന്ന് വാഗ്ദാനം ചെയ്തു.
ഇതിന് ശേഷം തന്റെ പാര്‍ട്ടി നല്കുന്ന വാഗ്ദാനങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചു. എല്ലാവര്ക്കും സ്വന്തമായി സ്ഥിരമായൊരു വീട്, ഓരോ കുടുംബത്തിനും ഒരു മോട്ടോര്‍ സൈക്കിള്‍ എന്നിവ വാഗ്ദാനം ചെയ്ത അദ്ദേഹം ”ഒരു കാര്‍ കൂടി അത്യാവശ്യമാണെന്നും” കൂട്ടിച്ചേര്‍ത്തു. ഓരോ കുടുംബത്തിലും വരുമാനമുള്ള ഒരു അംഗം, കുറഞ്ഞത് ഒരു ബിരുദധാരി എന്നിവയും ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
ആളുകള്‍ക്ക് ഭയമില്ലാതെ സമീപിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തണമെന്നും കോയമ്പത്തൂരിലും അണ്ണാ സര്‍വകലാശാലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെയുള്ള ലൈംഗികാതിക്രമ കേസുകള്‍ നടക്കരുതെന്ന് നിയമപാലകര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വലിയ അവകാശവാദങ്ങള്‍ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ എന്തെങ്കിലും വാഗ്ദാനം തന്നാല്‍ അത് ചെയ്യും. നിങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. ഞങ്ങള്‍ക്ക് ഒരു അജണ്ടയുമില്ല,” അദ്ദേഹം വ്യക്തമാക്കി.
കരൂര്‍ ദുരന്തത്തിന് ശേഷമുള്ള വിജയിയുടെ മടങ്ങി വരവ് എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.
Chennai,Tamil Nadu
November 24, 2025 11:50 AM IST