Leading News Portal in Kerala

പാക് അർദ്ധസൈനിക സേനാ ആസ്ഥാനത്തിന് നേരെ തീവ്രവാദി ആക്രമണം Terrorist attack on Pakistani paramilitary headquarters  | World


Last Updated:

ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് പ്രാഥിക വിവരം

News18
News18

പാകിസ്ഥാനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്തിന് നേരെ തീവ്രവാദി ആക്രമണം. പെഷവാറിലെ സദ്ദാർ മെയിൻ റോഡിലുള്ള ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്‌സി) ആസ്ഥാനത്താണ് തിങ്കളാഴ്ച തീവ്രവാദികൾ സംഘടിത ആക്രമണം നടത്തിയത്. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങളും സേനാ ആസ്ഥാനത്തെ കോമ്പൗണ്ടിനുള്ളിൽ വെടിവയ്പ്പും ഉണ്ടായി.ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് പ്രാഥിക വിവരം.

രണ്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് പ്രാഥമിക ഇന്റലിജൻസ് റിപ്പോർട്ട്. ഒരു ചാവേർ സ്ഫോടനം പ്രധാന എഫ്‌സി ഗേറ്റിലും മറ്റൊന്ന് അടുത്തുള്ള മോട്ടോർ സൈക്കിൾ സ്റ്റാൻഡിലമാണുണ്ടായത്. മൂന്ന് മുതൽ അഞ്ച് വരെ തീവ്രവാദികൾ സേനാ ആസ്ഥാനത്തേക്ക് കടന്നെന്നാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‍രീകെ താലിബാൻ പാകിസ്താൻ (TTP) എന്ന സംഘടനയുടെ ജമാഅത്തുൽ അഹ്‌റാർ എന്ന വിഭാഗം ഏറ്റെടുത്തു. സംഘടനയിലെ “ഖുൽഫ-ഇ-റാഷിദീൻ ഇഷ്തിഷാദി കണ്ടക്” എന്ന ചാവേർ സംഘമാണ് ആക്രമണം നടത്തിയതെന്ന് ജമാഅത്തുൽ അഹ്‌റാർ വ്യക്തമാക്കി.

തീവ്രവാദികളുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സദ്ദാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും നയിക്കുന്ന എല്ലാ പ്രവേശന വഴികളും അടച്ചുകൊണ്ട് സൈനിക കേന്ദ്രം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ആക്രമണകാരികളെ പാക് സൈന്യം വധിച്ചു.

നവംബർ 11 ന്, ഇസ്ലാമാബാദിലെ ജില്ലാ കോടതിക്ക് പുറത്ത് ഒരു പോലീസ് വാഹനം ലക്ഷ്യമിട്ട് ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അല്ലെങ്കിൽ അതിന്റെ ഒരു വിഭാഗമായിരുന്നു ഈ ആക്രമണത്തിനു പിന്നിൽ.