Leading News Portal in Kerala

സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു Justice Surya Kant sworn in as 53rd Chief Justice of India | India


Last Updated:

കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് പുതിയ ചീഫ് ജസ്റ്റിസ്

News18
News18

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ശുപാർശയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരമാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

1962 ഫെബ്രുവരി 10 ന് ഹരിയാനയിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് 1984 ൽ ഹിസാറിലാണ് തന്റെ നിയമ ജീവിതം ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. അവിടെ അദ്ദേഹം വിവിധ ഭരണഘടനാ, സിവിൽ, സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുകയും നിരവധി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

2000-ൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം മാറി. 2001-ൽ സീനിയർ അഭിഭാഷകനായി നിയമിതനായി. 2004-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജിയായി. 2024 നവംബർ മുതൽ സുപ്രീം കോടതി നിയമ സേവന സമിതിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.

കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. ജില്ലാ, സബോർഡിനേറ്റ് കോടതികളുടെ പ്രവർത്തനത്തിലെ വെല്ലുവിളികൾ തിരിച്ചറിയുന്നതിനായി ഹൈക്കോടതികളുമായി കൂടിയാലോചനകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ പരിഗണിക്കുന്നതിനായി അഞ്ച്, ഏഴ്, ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചുകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രൂപീകരിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.കോടതികളുടെ ഭാരം ലഘൂകരിക്കുന്നതിന് മധ്യസ്ഥതയും മറ്റ് ബദൽ തർക്ക പരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്കിടയിലും കേന്ദ്രവുമായും ഉള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സമൂഹ മധ്യസ്ഥത പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു