ഗർച്ഛിദ്രത്തിന്റെ ഓഡിയോ വന്നതിനു ശേഷവും രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി നടി സീമ ജി.നായർ|seema g nair supports rahul mamkootathil after audio with abortion charges | Kerala
Last Updated:
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല എന്നും അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു കരുതണ്ട എന്നുമാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പിന്തുണയുമായി നടി സീമ ജി. നായർ രംഗത്ത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിംഗുകളും ചാറ്റുകളും പുറത്തുവന്നതിന് പിന്നാലെയാണ് നടി ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്. ഏതുതരം സൈബർ ആക്രമണങ്ങൾ ഉണ്ടായാലും താൻ മുൻപ് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും സീമ ജി. നായർ വ്യക്തമാക്കി.
നടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ,’ ശുഭദിനം. ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിൻ്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ ‘തീക്കുട്ടി’ എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ട് എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്. (തീക്കുട്ടി പറയുന്നത് എൻ്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖമില്ലാത്ത തമ്പുരാനെ). ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്… ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എൻ്റെ സ്റ്റേറ്റ്മെൻ്റിൽ ഉറച്ചു നിൽക്കും. അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട.’സീമ കുറിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ നേരത്തെയും ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനെ തുടർന്ന് സീമ ജി. നായർ മുൻപും രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടിരുന്നു. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്ന് നടി കൂട്ടിച്ചേർത്തു.
Kochi [Cochin],Ernakulam,Kerala
November 25, 2025 12:12 PM IST
