ജാതീയത കുത്തിക്കലർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിച്ചവർക്ക് ലഭിച്ച പ്രഹരം; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ | Krishnakumar reaction after chargesheet on Diya Krishna related case | Kerala
Last Updated:
സ്ഥാപനത്തിലെ മൂന്നു മുൻജീവനക്കാരെയും, അതിലൊരാളുടെ ഭർത്താവിനെയും പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ. സ്ഥാപനത്തിലെ മൂന്നു മുൻജീവനക്കാരെയും, അതിലൊരാളുടെ ഭർത്താവിനെയും പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ:
“പിടിക്കപ്പെട്ടപ്പോൾ മുൻജീവനക്കാരികൾ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. കുറ്റപത്രത്തിൽ മൂന്നു ജീവനക്കാരെയും അതിലൊരാളുടെ ഭർത്താവിനെയും പ്രതിചേർത്തിരിക്കുന്നു. ആരോപണവിധേയരായ മൂന്നു ജീവക്കാർ തങ്ങൾ ചെയ്ത കുറ്റത്തിൽ നിന്നും രക്ഷപെടാൻ നവമാധ്യമങ്ങൾക്കൊപ്പം ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളെ സമീപിക്കുകയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ സത്യം വിജയിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ക്രൈം ബ്രാഞ്ചിന്റെ ഈ കുറ്റപത്രം. ഇത്തരമൊരു വിഷയത്തിൽ ജാതീയത കുത്തിക്കലർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിച്ചവർക്ക് ലഭിച്ച കനത്ത പ്രഹരമാണ് ക്രൈം ബ്രാഞ്ചിന്റെ ഈ കുറ്റപത്രം. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ, നൈതികതയും ധാർമികതയും കാത്തുസൂക്ഷിക്കണമെന്ന പൊതുവിശ്വാസത്തിനു നേരെയുള്ള ആക്രമണം കൂടിയായിരുന്നു പ്രസ്തുത വിഷയം. ഇതിൽ സത്യസന്ധതയും വാസ്തവവും ഉയർത്തിപ്പിടിച്ച് നിലപാടെടുക്കുമ്പോൾ, കേരളക്കര ഒന്നടങ്കം, കൃത്യമായി പറഞ്ഞാൽ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി, ജനങ്ങൾ ഞങ്ങളെ ചേർത്തുപിടിക്കുകയായിരുന്നു. പ്രയാസഘട്ടത്തിൽ എന്റെയും കുടുംബത്തിന്റെയും ഒപ്പം അടിയുറച്ചു നിലപാടെടുത്ത കേരളത്തിലെ പ്രിയപ്പെട്ട ജനങ്ങളോട് എന്റെയും കുടുംബത്തിന്റെയും വിനീതമായ നന്ദി ഞാൻ അറിയിക്കുന്നു,” എന്ന് കൃഷ്ണകുമാർ.
65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികൾ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തിൽ നാല് പേർ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ.
ജൂൺ മാസത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാർ ക്യുആർ കോഡുകൾ ഉപയോഗിച്ച് ബുട്ടീക്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിർദ്ദേശപ്രകാരം നികുതി വെട്ടിക്കാൻ സഹായിച്ചെന്നും പ്രതികളായ സ്ത്രീകൾ ആരോപിച്ചിരുന്നു. എന്നിരുന്നാലും, താൻ ഗർഭിണിയായിരുന്ന കാലം ജീവനക്കാർ വലിയ തുക തട്ടിയെടുത്തതായി ദിയ ആരോപിച്ചു. ദിയയും പിതാവും തങ്ങളെ തട്ടിക്കൊണ്ടുപോയി നടിയുടെ അപ്പാർട്ട്മെന്റിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചെന്നും അവർ വാദമുന്നയിച്ചു.
Thiruvananthapuram,Kerala
November 25, 2025 6:26 PM IST
ജാതീയത കുത്തിക്കലർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിച്ചവർക്ക് ലഭിച്ച പ്രഹരം; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ
